
ഇരിട്ടി: ആഴ്ചകളായി അയ്യൻകുന്ന് പഞ്ചായത്തിലെ വിവിധ ജനവാസമേഖലകളിലായി പുലി പ്രത്യക്ഷപ്പെടുന്നത് മൂലം ജനം ആശങ്കയിൽ. മേഖലയിലെ പ്രധാന വരുമാനസ്രോതസായ റബ്ബർ തോട്ടങ്ങളിൽ ടാപ്പിംഗ് പോലും മുടങ്ങിയത് ജനജീവിതത്തെ വലിയതോതിൽ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
പുലർച്ചെ നടക്കേണ്ട ടാപ്പിംഗിന് പോകാൻ കഴിയാതെ വീട്ടിലിരിക്കുകയാണ് തൊഴിലാളികൾ.കഴിഞ്ഞ ദിവസം വെളുപ്പിന് അഞ്ചു മണിയോടെ ആനപ്പന്തി പനക്കരയിലെ റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഉറുമ്പിൽ ബെന്നി പുലിയെ കണ്ടിരുന്നു.ആലപ്പാട്ട് ടൈറ്റസിന്റെ തോട്ടത്തിൽ ടാപ്പിംഗ് ചെയ്യുമ്പോൾ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിലാണ് പുലിയുടെ കണ്ണുകൾ കണ്ടത്. അൽപനേരം അനങ്ങാതെ നിന്നപ്പോൾ പുലി സമീപത്തെ തോട്ടത്തിലേക്ക് പോകുന്നത് വ്യക്തമായി കണ്ടതായി ബെന്നി പറഞ്ഞു.
വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേലും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി പാലത്തിൻ കടവ്, വാണിയപ്പാറ തട്ട്, വാണിയപാറ അട്ടോലിമലയിലും, വാണിയപ്പാറ കളി തട്ടും പാറ എന്നി സ്ഥലങ്ങളിലും ആളുകൾ പുലിയെ കണ്ടിരുന്നു
ആട്ടയോലി മലയിലെ താമസക്കാരായ പുത്തൻപുരക്കൽ ഗോപിയുടെ വളർത്തുനായയെ രണ്ടുദിവസം മുമ്പ് പുലി ആക്രമിച്ചിരുന്നു. കഴുത്തിന് കടിയേറ്റ നായ പുലിയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായാണ് രക്ഷപെട്ടത്.ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളം വച്ചതിനെ തുടർന്ന് പുലി നായയെ ഉപേക്ഷിച്ച് മറയുയായിരുന്നു. പിന്നീട് വീണ്ടും വെളുപ്പിന് 5 മണിയോടെ പുലി എത്തിയതായി വീട്ടുകാർ പറയുന്നു. കഴിഞ്ഞ ആഴ്ച അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിലാണ് ആദ്യം പുലിയെ കണ്ടതായി ജനങ്ങൾ പറഞ്ഞത്. പിന്നീട് അടുത്ത ദിവസം രാത്രി വാണിയപ്പാറ തട്ട് ഉണ്ണീശോ പള്ളിക്ക് സമീപം ബൈക്ക് യാത്രക്കാർ പുലിയെ കണ്ടരുന്നു. രണ്ട് സ്ഥലത്തും വനം വകുപ്പ് എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചില്ല.
ജാഗ്രതാ മുന്നറിയിപ്പും
പുലിയെ കണ്ട സാഹചര്യത്തിൽ ജനം ജാഗ്രത പാലിക്കണമെന്നാണ് വനംവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും മുന്നറിയിപ്പ്. ടാപ്പിംഗിന് എത്തുന്ന തൊഴിലാളികൾ തോട്ടത്തിൽ ഇറങ്ങുന്നതിന് മുമ്പ് ചുറ്റുപാടുകൾ നിരീക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാട്ടാന,കാട്ടുപന്നി, ഇപ്പോൾ പുലിയും
കേരളം വനാതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശം ഏക്കർ കണക്കെ കാട് പിടിച്ച് കിടക്കുകയാണ് .നേരത്തെ മുതൽ കാട്ടാനയുടെയും കാട്ടുപന്നിയുടെയും ശല്യം രൂക്ഷമായ ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം കൂടി കണ്ടതോടെ പ്രദേശവാസികളുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.