digita
ഡിജിറ്റൽ സാക്ഷരത

കണ്ണൂർ: കണ്ണൂരിനെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ ജില്ലയാക്കാൻ ജില്ലാ സാക്ഷരതാ സമിതി യോഗത്തിൽ തീരുമാനം. ഇതിനായി ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കും. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ്, ലൈബ്രറി കൗൺസിൽ വിവിധ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. അടുത്ത സാമ്പത്തിക വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുക വകയിരുത്തും.
60 വയസ് കഴിഞ്ഞ സാക്ഷരതാ പഠിതാക്കളെ ആദരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. കെ.കെ രത്നകുമാരി, അഡ്വ. ടി.സരള, യു.പി ശോഭ, കൂത്തുപറമ്പ് നഗരസഭ അദ്ധ്യക്ഷ വി.സുജാത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.വി അബ്ദുൾ ലത്തീഫ്, ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ, അസി. കോ ഓർഡിനേറ്റർ ടി.വി ശ്രീജൻ, സാക്ഷരത സമിതി അംഗങ്ങളായ പയ്യന്നൂർ കുഞ്ഞിരാമൻ, വി.ആർ.വി ഏഴോം, എൻ.ടി സുധീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

പത്താംതരം തുല്യതയിൽ 2800 പേർ

പത്താമുദയം പദ്ധതിയിലൂടെ 2800 പേർ പത്താംതരം തുല്യതയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള മലയാളം സാക്ഷരതാ പദ്ധതി ആന്തൂർ നഗരസഭയിൽ ആദ്യം ആരംഭിക്കും.

കതിരൂരിൽ ഡിജിറ്റൽ സാക്ഷരത

ഇ മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി കതിരൂർ പഞ്ചായത്തിൽ പൂർത്തിയായി. ട്രാൻസ്‌ജെന്റേഴ്സിനുള്ള സമന്വയ പദ്ധതിയിൽ ആറ് പേർ പഠനം നടത്തുന്നുണ്ട്. ആശ വർക്കർമാർക്കുള്ള തുല്യത പരീക്ഷയിൽ ഈ വർഷം മുഴുവൻ പേരും പാസ്സായി.