photo-

കണ്ണൂർ: ഹൈടെക് എ.സി ബസുകൾ നഗരത്തിന് മാത്രം പറഞ്ഞവയാണെന്ന ധാരണ ഇനി തിരുത്താം.കണ്ണൂർ -കണ്ണാടിപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സംഗീത് ബസിൽ കയറിയവർക്ക് കുളിരു കോരുന്ന യാത്ര ഉറപ്പാണ്.
വാഹനത്തിന്റെ എൻജിനുമായി ബന്ധിപ്പിക്കാതെ പൂർണമായും സോളാർ പവറിൽ മാത്രം പ്രവർത്തിപ്പിക്കുന്ന എയർ കണ്ടീഷൻ സംവിധാനമൊരുക്കിയ ഇന്ത്യയിലെ ആദ്യ ബസെന്ന് ഇതിനെ പറയാം.

ഈ സംവിധാനമൊരുക്കാൻ ഏറെ നാളത്തെ പരിശ്രമം വേണ്ടി വന്നതായി ബസുടമ സതീഷ് പറഞ്ഞു. കൂൾ വെൽ ടെക്നിക്കൽ ആൻഡ് ഫെസിലിറ്റി മാനേജ്‌മെന്റ് എന്ന കമ്പനിയാണ് ബസിൽ സോളാർ എ.സി സംവിധാനം ഒരുക്കിയിരിക്കുന്നത്. കമ്പനിയുടെ സോളാർ ഡിവിഷനും എയർ കണ്ടീഷൻ വിഭാഗവും റിസേർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് ടീമും ചേർന്നാണ് ഈ സംവിധാനത്തിന് രൂപം നൽകിയത്.

ഒന്നരമാസത്തെ പ്രയത്നം

ഒന്നരമാസത്തിലധികം നീണ്ട ട്രയൽ റണ്ണിന് ശേഷമാണ് ഈ സംവിധാനം വിജയം കണ്ടത്.വീടുകളിലും മറ്റും നൽകുന്ന സാധാരണ എ.സിയാണ് ബസിലും ഉപയോഗിച്ചിരിക്കുന്നത്. എ.സി വെന്റുകൾ ബസിന്റെ മുന്നിൽ നൽകുകയും ഔട്ട്‌ഡോർ ബസിന്റെ പിന്നിലായുള്ള സ്‌റ്റോറേജ് സ്‌പേസിലുമാണ് നൽകിയിരിക്കുന്നത്.ബ്രെഷ്‌ലെസ് ഡയറക്ട് കറന്റ് (ബി.എൽ.ഡി.സി.) ടെക്‌നോളജിയിലുള്ള എ.സിയാണ് സോളാർ എയർ കണ്ടീഷൻ സംവിധാനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇൻവെർട്ടർ എ.സിയെക്കാൾ പവർ സേവ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ബി.എൽ.ഡി.സി എ.സിയുടെ സവിശേഷത.


പവർ ബാക്ക് അപ്പ് സംവിധാനവും

സോളാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന എ.സിയാകുമ്പോൾ വെയിൽ ഇല്ലാത്ത സാഹചര്യങ്ങളിലും പ്രവർത്തനം ഉറപ്പാക്കുന്നതിന് വേണ്ടി പവർ ബാക്ക് അപ്പ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് മണിക്കൂറിൽ അധികം എ.സി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ബാറ്ററി സംവിധാനമാണ് ഇതിൽ കൊടുത്തിട്ടുള്ളത്. ലിഥിയം അയേൺ ബാറ്ററിയുടെ വേരിയന്റായ ലൈഫ് പി.ഒ.4 ബാറ്ററികളാണ് പവർ ബാക്ക്അപ്പിന് നൽകിയിരിക്കുന്നത്.