
കാസർകോട്: പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് കാസർകോട്ട് വിവാഹ രജിസ്ട്രേഷന് നൽകിയതും വ്യാജപേര്. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് സ്വീകരിച്ചിരുന്ന ഷാജഹാൻ എന്ന പേരാണ് നൽകിയത്. പിതാവിന്റെ പേരും തെറ്റിച്ചു നൽകി. 2016 ഫെബ്രുവരി 27ന് മഞ്ചേശ്വരം ഉദ്യാവർ ആയിരം ജുമാമസ്ജിദിലാണ് വിവാഹം രജിസ്റ്റർ ചെയ്തത്.
കണ്ണൂർ ചിറക്കലിലെ പി.പി.ഹൗസ്, കുന്നുംകൈ എന്ന വിലാസമാണ് വിവാഹ രജിസ്ട്രേഷനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളം സ്വദേശിയാണ് സവാദ്. പിതാവിന്റെ പേര് ബീരാൻ കുട്ടി എന്നാണെങ്കിലും വിവാഹ രജിസ്ട്രേഷന് നൽകിയത് കെ.പി ഉമ്മർ എന്നാണ്. കാസർകോട്ട് ഒളിവിൽ കഴിയുന്ന സമയത്തായിരുന്നു വിവാഹം. ആദ്യ കുഞ്ഞ് ജനിച്ച സമയത്ത് ജനന സർട്ടിഫിക്കറ്റിനായി കാസർകോട് മംഗൽപ്പാടി പഞ്ചായത്തിൽ നൽകിയത് സവാദ് എന്ന പേരാണ്. മട്ടന്നൂർ ബേരത്ത് വാടകയ്ക്ക് താമസിക്കുന്ന സമയത്ത് രണ്ടാമത്തെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്രിനായി മട്ടന്നൂർ നഗരസഭയിൽ നൽകിയതും ഇതേപേരാണ്. ഇതാണ് ഇയാളെ പിടികൂടാൻ സഹായിച്ചതും.
എൻ.ഐ.എ സംഘം കാസർകോട്ടെത്തി
സവാദിന്റെ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കൊച്ചിയിൽ നിന്നുള്ള നാലംഗ എൻ.ഐ.എ സംഘം കാസർകോട്ടെത്തി. മഞ്ചേശ്വരം സ്വദേശിയായ ഇയാളുടെ ഭാര്യാപിതാവിൽ നിന്നും വിവാഹം നടത്തിക്കൊടുത്തവരിൽ നിന്നും മൊഴിയെടുക്കും. വിവാഹ രേഖകളും പരിശോധിക്കും. കർണാടകത്തിലെ ഉള്ളാൾ എന്ന സ്ഥലത്തെ ഒരു ആരാധനാലയത്തിൽ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്ന് ഇയാളുടെ ഭാര്യാപിതാവ് മൊഴി നൽകിയിട്ടുണ്ട്. ഉള്ളാളിലും പരിശോധന നടത്തും. വിവാഹത്തിന് എത്രനാൾ മുമ്പ് ഇയാൾ ഇവിടെ എത്തി, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നടക്കം അന്വേഷിക്കും. അതിനിടെ വിവാഹമടക്കമുള്ള വിവരങ്ങൾ സംസ്ഥാന ഇന്റലിജൻസും ശേഖരിച്ചിട്ടുണ്ട്.
''മംഗലാപുരത്തിനടുത്ത് ഉള്ളാളിലെ ഒരു ആരാധനാലയത്തിൽ വച്ചാണ് സവാദിനെ പരിചയപ്പെട്ടത്. അനാഥനാണെന്നു പറഞ്ഞതിനെ തുടർന്നാണ് മകളെ വിവാഹം കഴിച്ചു കൊടുക്കാൻ സമ്മതിച്ചത്.
-സവാദിന്റെ ഭാര്യാപിതാവ്
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പോപ്പുലർ ഫ്രണ്ടിന്റെ സ്ലീപ്പിംഗ് സെല്ലുകൾ സജീവം
കണ്ണൂർ: സംസ്ഥാനത്ത് ചിലയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കേ മലബാറിൽ പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ പ്രവർത്തനം സജീവമായി നടക്കുന്നുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. നിരോധനത്തിന് മുമ്പ് ശക്തികേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളിൽ സ്ലീപ്പിംഗ് സെല്ലുകളും സജീവം. ആശയ പ്രചാരണവും നടക്കുന്നുണ്ട്.
കൈവെട്ട് കേസിലെ ഒന്നാം പ്രതി സവാദിന്റെ അറസ്റ്റിന് പിന്നാലെയാണ് റിപ്പോർട്ട് മേലധികാരികൾക്ക് സമർപ്പിച്ചത്. സവാദിന് 13 കൊല്ലം ഒളിവിൽ കഴിയാൻ കണ്ണൂരിലടക്കം പോപ്പുലർ ഫ്രണ്ടിന്റെ സഹായം ലഭിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. സവാദിന് ജോലിയും വിവാഹവും താമസസൗകര്യവും തരപ്പെടുത്തിയതും സംഘടനയുടെ സ്വാധീനത്താലാണെന്നും വ്യക്തമായിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാത്രികാല പട്രോളിംഗ് അടക്കം ശക്തമാക്കാൻ സ്റ്റേഷനുകൾക്ക് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ, റൂറൽ എസ്.പി എന്നിവർ നിർദ്ദേശം നൽകി. കണ്ണൂർ നഗരം, മറ്റ് പ്രദേശങ്ങൾ, കടലോര ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കും.
റെയ്ഡിനൊരുങ്ങി എൻ.ഐ.എ
പോപ്പുലർ ഫ്രണ്ടിന്റെ സ്ളീപ്പിംഗ് സെല്ലുകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമാണെന്ന് എൻ.ഐ.എയും വിലയിരുത്തുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. വൈകാതെ അത്തരം കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തുമെന്നും സൂചനയുണ്ട്. അതേസമയം, സവാദിന്റെ മട്ടന്നൂർ ബേരത്തെ വാടക വീട്ടിൽ നിന്നും കണ്ടെത്തിയ രണ്ട് മൊബൈൽ ഫോണുകളിൽ നിന്ന് ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചുള്ള വിവരം ലഭിച്ചതായും അറിയുന്നു. ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷം ഇതേക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കും.