കണ്ണൂർ: സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് കളക്ടറേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ജില്ലാ സെക്രട്ടറി ജീനയ്ക്കും നിരവധി പ്രവർത്തകർക്കും പരിക്കേറ്റു. പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനാൽ ലാത്തി വീശി. ഒരു മണിക്കൂറോളം നഗരം തെരുവു യുദ്ധത്തിന് സാക്ഷ്യം വഹിച്ചു. ലാത്തിച്ചാർജിൽ രണ്ടു വനിതാ പ്രവർത്തകർക്കടക്കം നാലു പേർക്ക് പരിക്കേറ്റു. നിലത്തുവീണ ജില്ലാ വൈസ് പ്രസിഡന്റ് മഹിതയുടെയും അഴീക്കോട് ബ്ലോക്ക് സെക്രട്ടറി റിയാ നാരായണന്റെയും വസ്ത്രം വലിച്ചുകീറിയതായും ബൂട്ടിട്ട് ചവിട്ടിയതായും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധം തുടർന്ന ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.രാഹുൽ തുടങ്ങിയവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ അദ്ധ്യക്ഷത വഹിച്ചു.