
പഴയങ്ങാടി:മൊബൈൽ സ്‌ക്രീനിൽ അതിവേഗ ടൈപ്പിംഗിൽ ഇംഗ്ലീഷ് അക്ഷരമാല ടൈപ്പ് ചെയ്‌ത് ലോക റെക്കാഡും പതിനഞ്ച് വിഭാഗങ്ങളിലായി ഇരുന്നൂറോളം സാധനങ്ങൾ തിരിച്ചറിഞ്ഞ് രണ്ടരവയസുകാരനായ മകൻ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡും കരസ്ഥമാക്കിയപ്പോൾ പുതിയങ്ങാടിയ്ക്കും അഭിമാനമായി. പുതിയങ്ങാടി ഓലപ്പള്ളിക്ക് സമീപത്തെ അഫ്ര മുഹമ്മദ് റിയാസും മകൻ എസ്ദാനുമാണ് നാടിന് അഭിമാനമായത്.
കുറഞ്ഞ ദിവസത്തെ പരിശീലനം കൊണ്ടാണ് അഫ്ര ഈ നേട്ടം കൈവരിച്ചത്. നേരത്തെ 5 സെക്കൻഡ് ആയിരുന്ന റെക്കാർഡിനെ 4.8 സെക്കൻഡിൽ മറികടന്നാണ് അഫ്രയുടെ നേട്ടം. അപൂർവ്വ ഓർമ്മശക്തിയുള്ള എസ്ദാൻ ഒരു പ്രാവശ്യം പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുകയും പിന്നീട് ചോദിച്ചാൽ മണി മണിയായി പറയുകയും ചെയ്യും. അതുല്യനേട്ടം കൊയ്ത അഫ്രയേയും മകനെയും തേടി അഭിനന്ദനപ്രവാഹമാണിപ്പോൾ. മൊട്ടാമ്പ്രം സ്വദേശി മുഹമ്മദ് റിയാസ് ആണ് അഫ്രയുടെ ഭർത്താവ്.