ഇരിട്ടി: പുന്നാട് ടൗണിലും പരിസര പ്രദേശങ്ങളിലും മണിക്കൂറുകളോളം ഭീതി പരത്തി തെരുവ് നായയുടെ പരാക്രമം. ഒരു വിദ്യാർത്ഥി ഉൾപ്പെടെ 12 പേർക്ക് പട്ടിയുടെ കടിയേറ്റു. പുന്നാട് ടൗൺ, പുന്നാട് മുത്തപ്പൻ മടപ്പുര, കുമ്പിൽ ക്ഷേത്രം മേഖലകളിൽ രണ്ടു മണിക്കൂർ നേരം ഓടി നടന്ന് ഭീതി പരത്തിയ പട്ടിയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.
പുന്നാട് കോട്ടത്തെ കുന്ന് വിഷ്ണു നിവാസിൽ ഇ. പവിത്രൻ (58), വട്ടക്കയം ധന്യ നിവാസിലെ.കെ. പ്രഭാകരൻ (54), മീത്തലെ പുന്നാട് ലക്ഷം വീട് കോളനിയിലെ കെ. മുഹമ്മദലി (32) ,പുന്നാട് പുമരം കിളിയങ്ങാട് കെ.സി സുരേന്ദ്രൻ (60), വിദ്യാർത്ഥി പുന്നാടിലെ മുഹമ്മദ് സിയാൻ (12) ,പുന്നാടിലെ കെ. ജയദേവൻ (62), പുരുഷോത്തമൻ (62), മുരളീധരൻ (59), മട്ടന്നൂർ കോളേജ് റോഡിലെ വിശ്വാസ് ഭവനിൽ സഫീർ (32), കെ.സി രാധാകൃഷ്ണൻ (55), പി.വി ബാബു (58), പടിയൂരിലെ.കെ. ഷിജോമോൻ (48) എന്നിവർക്കാണ് കടിയേറ്റത്. പുന്നാട് ടൗണിൽ ലോട്ടറി സ്റ്റാൾ നടത്തുന്ന പവിത്രന്റെ കൈ യുടെ എല്ല് പൊട്ടിയ നിലയിൽ കടിയേറ്റു. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ ജോലിക്കു പോകുന്നതിനിടെയാണ് മിക്കവർക്കും പട്ടിയുടെ കടിയേറ്റത്.
അരകിലോമീറ്റർ ചുറ്റളവിൽ പരാക്രമം
പുന്നാട് ടൗണിൽ അരക്കിലോ മീറ്റർ ചുറ്റളവിൽ ഓടിനടന്നാണ് നായ ഇവരെയെല്ലാം ആക്രമിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയ പി.വി ബാബുവിനെയാണ് ആദ്യം നായ കടിച്ചത്. പുന്നാട്ടേക്ക് ബൈക്കിൽ വരുമ്പോൾ കെ. മുഹമ്മദിനെ പട്ടി ചാടി കടിക്കുകയായിരുന്നു. നായക്ക് പേയിളകിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ.