acci

കണ്ണൂർ: റോഡപകടങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടും പ്രതീക്ഷിച്ച കുറവിലേക്ക് എത്തുന്നില്ലെന്ന നിഗമനത്തിൽ അധികൃതർ. പലപ്പോഴും അമിത വേഗമാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് അധികൃതർ പറയുന്നു.
2021, 22 വ‌ർഷങ്ങളെ അപേക്ഷിച്ച് 2023ൽ അപകടങ്ങൾക്കും തുടർന്നുണ്ടാകുന്ന മരണങ്ങൾക്കും നേരിയ കുറവ് മാത്രമാണ് സംഭവിച്ചത്. കഴിഞ്ഞവ‌ർഷം എ.ഐ കാമറ വരെ സ്ഥാപിച്ച് പരിശോധന കർശനമാക്കി. വാഹനമോടിക്കുന്ന ചിലരുടെയെങ്കിലും അശ്രദ്ധയാണ് അപകടം ക്ഷണിച്ചു വരുത്തുന്നത്. ജില്ലയിൽ മേലേച്ചൊവ്വയിൽ കഴിഞ്ഞ ദിവസവും അപകടത്തെ തുടർന്ന് രണ്ട് യുവാക്കൾ മരണപ്പെടുകയുണ്ടായി. നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാക്കൾ ലോറി കയറിയാണ് മരണപ്പെട്ടത്.
അതിവേഗം, ഹെൽമെറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, മദ്യപിച്ച് വാഹനമോടിക്കൽ, തെറ്റായ ദിശയിൽ വാഹനമോടിക്കൽ തുടങ്ങിയവ ഗതാഗത നിയമ ലംഘനങ്ങൾ മൂലം ദിനംപ്രതി നിരവധി അപകടങ്ങളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്.

എ.ഐ കാമറ സ്ഥാപിച്ചതിനാൽ ഹെൽമറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ ഹെൽമെറ്റ് അധികൃതരെ ബോധിപ്പിക്കാൻ മാത്രം വയ്ക്കുന്നവരാണ് കൂടുതൽ പേരും. മുൻവശം പൂർണ്ണമായി മറയ്ക്കാത്ത ഹെൽമെറ്റുകൾ ഉപയോഗിച്ചതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. പൂർണ്ണ മുഖാവരണം ഉള്ള ഹെൽമെറ്റാണ് ഏറ്റവും സുരക്ഷിതം. ബൈക്ക് അപകടങ്ങളുടെ കാഠിന്യം വർദ്ധിപ്പിക്കുന്നതും
മരണത്തിനു കാരണമാകുന്നതും ഗുണമേന്മയില്ലാത്ത ഹെൽമെറ്റ് ധരിക്കുന്നതാണ്.

പിടിച്ചു കെട്ടണം അമിത വേഗം

നിരത്തുകളിൽ വാഹനങ്ങൾ തമ്മിൽ പലപ്പോഴും മത്സരമാണ്. സ്വകാര്യ ബസ്സുകളും ബൈക്കുകളിൽ പോകുന്ന യൂത്തന്മാരുമാണ് ഇതിൽ മുൻപന്തിയിൽ. സ്വകാര്യ ബസ്സുകൾ തമ്മിലുള്ള മത്സരയോട്ടം പിടിച്ചുകെട്ടാൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. സ്വകാര്യ ബസ്സുകളുടെ അശ്രദ്ധയും അമിത വേഗതവും ശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്കും ഭീഷണിയാണ്.

കേരളത്തിൽ അപകടം വർദ്ധിക്കുന്നു

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ കേരളത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 2023ൽ 31.87 ശതമാനം റോഡപകടങ്ങൾ വർദ്ധിച്ചുവെന്നാണ് പറയുന്നത്. 2020 - 21 വർഷം റോഡപകടമുണ്ടായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആറാമതായിരുന്നെങ്കിൽ 2022ൽ മൂന്നാമതായി. 2023ൽ രണ്ടാമതും ആയി.


കഴിഞ്ഞ മൂന്നുവർഷത്തെ ജില്ലയിലെ അപകടനിരക്ക്

വർഷം അപകടം മരണം പരുക്കേറ്റവർ

2021 1973 189 2331

2022 2913 255 3693

2023 2164 144 2633