
പിലാത്തറ: ചെറുതാഴം സഭായോഗം ആസ്ഥാനത്ത് സ്ഥാപിക്കാൻ ശ്രീശങ്കരാചാര്യരുടെ പൂർണ്ണകായ പ്രതിമ ഒരുങ്ങി. എട്ടടി ഉയരത്തിൽ നിർമ്മിച്ചതാണ് ഈ കോൺക്രീററ് ശിൽപ്പം. പ്രശസ്ത ശിൽ്പ്പി കുന്നരു പാലക്കീഴില്ലത്ത് വി.പി.വാസുദേവൻ നമ്പൂതിരിയാണ് പയ്യന്നൂർ റെയിൽവെ സ്റ്റേഷനടുത്ത മമ്പലം കാനത്തെ പണിപ്പുരയിൽ ശിൽപ്പം പണിതത്.
സിമന്റ്, കമ്പി, ജില്ലി തുടങ്ങിയ ഉപയോഗിച്ച് ആഴ്ചകൾ എടുത്താണ് നാല് ക്വിന്റൽ തൂക്കം വരുന്ന പ്രതിമ നിർമ്മിച്ചത്. രുദ്രാക്ഷമാല, കുണ്ഡലങ്ങൾ ആചാരദണ്ഡ് അടക്കമുള്ള അലങ്കാരങ്ങളും ശിൽപ്പത്തിലുണ്ട്. വെങ്കലത്തിലും കോൺക്രീറ്റിലുമായി ഇതിനകം നിരവധി ശിൽപ്പങ്ങൾ നിർമ്മിച്ചിട്ടുളള റിട്ട. ചിത്രകലാ അദ്ധ്യാപകനായ വാസുദേവൻ നമ്പൂതിരി വീടിന് മുമ്പിൽ 10 അടി ഉയരത്തിൽ നിർമ്മിച്ച ശ്രീബുദ്ധന്റെ പൂർണ്ണകായ പ്രതിമയുടെയും അവസാന മിനുക്കുപണിയിലാണ്. ഇന്ന് കാനത്തെ പണിപ്പുരയിൽ നിന്നും മഹാദേവഗ്രാമത്തിൽ കൊണ്ടുവന്ന് വാദ്യമേള ഘോഷങ്ങളോടെ പ്രതിമ ചെറുതാഴത്തേക്ക് ആനയിച്ച് വൈകുന്നേരം 6.30 ന് കണ്ണിശ്ശേരിക്കാവ് പരിസരത്ത് അനാവരണം ചെയ്യും.