കണ്ണൂർ: സാന്ത്വന പരിചരണ രംഗത്ത് നിറസാന്നിദ്ധ്യമായി സുനിൽ മാങ്ങാട്ടിടം. കഴിഞ്ഞ 15 വർഷത്തിൽ ഏറെയായി വോളണ്ടിയർ, പാലിയേറ്റീവ് കെയർ പരിശീലകൻ, ജില്ല സാരഥി എന്നീ നിലകളിൽ സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിച്ചുവരുകയാണ് സുനിൽ.
ഹോം കെയർ, കിടത്തി ചികിത്സ, മാനസിക ആരോഗ്യ വിഭാഗം ഉൾപ്പെടുന്ന സേവനങ്ങൾ നടത്തുന്ന 61 യൂണിറ്റുകളുള്ള പാലിയേറ്റീവ് കെയർ ഇനിഷ്യേറ്റീവ് ഇൻ കണ്ണൂരിന്റെ ചെയർമാനുമാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയർ മെഡിസിൻ കോഴിക്കോട്, പാലിയം ഇന്ത്യ തിരുവനന്തപുരം, മലബാർ കാൻസർ സെന്റർ കോടിയേരി എന്നിവിടങ്ങളിൽ നിന്നും പാലിയേറ്റീവ് കെയർ പരിശീലനം നേടിയിട്ടുണ്ട്. അർബുദം,കിടപ്പിലായ രോഗികൾ, വയോധികർ എന്നിവരുടെ വീടുകളിൽ ചെന്ന് ഹോം കെയർ പ്രവർത്തനവും നടത്തുന്നതോടൊപ്പം, ഇത്തരം രോഗികൾക്ക് ക്ഷേമപെൻഷനുകൾ നടപ്പിലാക്കുന്നതിനും ശാരീരിക പ്രയാസങ്ങൾ നേരിടുന്നവർക്ക് വീൽചെയർ, വാട്ടർബെഡ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും സഹായങ്ങൾ ചെയ്യുന്നു. കുടുംബശ്രീ, പൊതുജന വായനശാലകൾ, ക്ലബ്ബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് 500ലധികം കാൻസർ, പാലിയേറ്റീവ് കെയർ ബോധവത്കരണ ക്ലാസുകൾ നടത്തിയിട്ടുണ്ട്. കിടപ്പിലായ രോഗികൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി കുട, സോപ്പ്, വാഷിംഗ് പൗഡർ നിർമ്മാണം ഉൾപ്പെടെയുള്ള തൊഴിലുകൾ ഉറപ്പുവരുത്തുന്നതിനും നേതൃത്വം വഹിക്കുന്നു. മലബാർ കാൻസർ സെന്റർ ഓങ്കോളജി ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് സ്ത്രീകളിലെ സ്തനാർബുദം സ്വയം കണ്ടെത്തുന്നതിനായി മുന്നൂറിലധികം സ്ത്രീകൾക്ക് സ്വയം പരിശോധനാ പരിശീലന പദ്ധതിയായ ക്യാൻസർ വിമുക്ത ഗ്രാമം പദ്ധതിക്ക് നേതൃത്വം നൽകി.
പാലിയേറ്റീവ് കെയർ രംഗത്തും മോട്ടിവേഷൻ രംഗത്തും പരിശീലകനായി പ്രവർത്തിക്കുന്ന സുനിൽ മാങ്ങാട്ടിടം കില, കുടുംബശ്രീ മിഷൻ റിസോഴ്സ് പേഴ്സൺ, തലശ്ശേരി ആർ.ഡി.ഒ ഓഫീസിലെ മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്ന ട്രൈബ്യൂണലിൽ കൗൺസിലിയേഷൻ ഓഫീസർ, തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ പാരാലീഗൽ വളണ്ടിയർ, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.