കാസർകോട്: കർണാടകയിലെ ഉഡുപ്പിയിലേക്ക് റിസർവേഷൻ ടിക്കറ്റ് നൽകി പണം ഈടാക്കിയ കെ.എസ്.ആർ.ടി.സി യാത്രക്കാരെ കാസർകോട് ഡിപ്പോയിൽ ഇറക്കിവിട്ടു. പത്തനംതിട്ടയിൽ നിന്നും കാസർകോട്ടേക്ക് യാത്രതിരിച്ച സ്വിഫ്റ്റ് ബസിലാണ് യാത്രക്കാർക്ക് ഉഡുപ്പി വരെ റിസർവേഷൻ ടിക്കറ്റ് നൽകിയത്. റിസർവ് ചെയ്ത ടിക്കറ്റ് പ്രകാരം ഉഡുപ്പി ക്ഷേത്രത്തിലേക്കും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും ദർശനം നടത്താൻ യാത്രതിരിച്ച വിവിധ ജില്ലകളിൽ നിന്നുള്ള 20 ഓളം യാത്രക്കാരാണ് പെരുവഴിയിലായത്.

ഞായറാഴ്ച രാവിലെ കാസർകോട് ഡിപ്പോയിൽ എത്തിയ ബസിൽ നിന്ന് യാത്രക്കാരെ ഇറക്കിവിട്ട ശേഷം ഇവിടെ ബസിന്റെ യാത്ര അവസാനിപ്പിച്ചതായി അറിയിക്കുകയായിരുന്നു. കാസർകോട് വരെയുള്ള ബോർഡ് ആയിരുന്നു ബസിന് വെച്ചിരുന്നത്. ഇതെന്താണ് ഈ ബോർഡ് വെച്ചതെന്ന് യാത്രക്കാർ സംശയം പ്രകടിപ്പിച്ചപ്പോൾ കാസർകോട് എത്തിയശേഷം ഉഡുപ്പി ബോർഡ് വെക്കും എന്നായിരുന്നു ഡ്രൈവറും കണ്ടക്ടറും പറഞ്ഞത്. എന്നാൽ കാസർകോട്ട് യാത്രക്കാരെ ഇറക്കി വിട്ടപ്പോഴാണ് യഥാർത്ഥ വസ്തുത പുറത്തുവന്നത്.

സ്വിഫ്റ്റ് ബസിന് കാസർകോട് വരെ സർവീസ് നടത്തുന്നതിനുള്ള പെർമിറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഉഡുപ്പി വരെ എന്തിനാണ് റിസർവേഷൻ നൽകിയത് എന്ന് അന്വേഷിച്ചപ്പോൾ അതേക്കുറിച്ച് അറിയില്ലന്നാണ് കാസർകോട്ട് ഡിപ്പോ അധികൃതർ പറഞ്ഞത്. പകുതി വഴിയിൽ ഇറക്കിവിടുകയും റിസർവേഷൻ അധിക ചാർജ് റീഫണ്ട് ചെയ്യാതിരിക്കുകയും ചെയ്തതിനെ തുടർന്ന് യാത്രക്കാർ ബഹളം വച്ചു. എന്നാൽ ഇവിടെ നിന്ന് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല, കൺട്രോൾ റൂമിൽ നിന്നാണ് തീരുമാനം അറിയിക്കേണ്ടത് എന്നായിരുന്നു മറുപടി നൽകിയത്. പക്ഷെ യാത്രക്കാർ പിന്മാറാൻ തയ്യാറായില്ല. അവർ കാസർകോട് ഡിപ്പോയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. മണിക്കൂറുകൾക്ക് ശേഷം അധിക ടിക്കറ്റ് ചാർജ് തിരിച്ചു നൽകാമെന്നും കർണാടക ബസിൽ യാത്രാ തുടരാൻ സൗകര്യമൊരുക്കാം എന്നും അറിയിച്ചതിനെ തുടർന്നാണ് പ്രശ്നത്തിന് പരിഹാരമായത്. ഞായറാഴ്ച രാവിലെ കൊല്ലൂരിലെത്തി ദർശനം നടത്തിയ ശേഷം വൈകുന്നേരം മടങ്ങാം എന്ന് വിചാരിച്ചെത്തിയ യാത്രക്കാർ പ്രയാസത്തിലായി.