# രക്ഷപ്പെട്ടത് ബൈക്കിൽ
കണ്ണൂർ: ലഹരിക്കേസിലെ തടവുകാരൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് അധികൃതരെ കബളിപ്പിച്ച് രക്ഷപ്പെട്ടു.
10 വർഷത്തെ ശിക്ഷ അനുഭവിക്കുകയായിരുന്ന കൊയ്യോട് ചെമ്പിലോട്ടെ ടി.സി. ഹർഷാദാണ് (34) ഗേറ്റിനു സമീപം കാത്തുനിന്ന യുവാവിന്റെകൂടെ ബൈക്കിൽ കടന്നത്. കഴിഞ്ഞ സെപ്തംബർ 9നാണ് ജയിൽശിക്ഷ തുടങ്ങിയത്.
ഇന്നലെ രാവിലെ 6.45നാണ് സംഭവം. ജയിലിലെ വെൽഫയർ ഓഫീസുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്ന ഹർഷാദ്, പതിവുപോലെ പത്രക്കെട്ട് എടുക്കാൻ ഗേറ്റിൽ എത്തി. പത്രക്കെട്ട് പുറത്തെ പടിക്കെട്ടിലായിരുന്നു. ഇത് എടുക്കുന്നതിനായി ഇറങ്ങിയശേഷം ബൈക്കിൽ കാത്തുനിന്ന യുവാവിനൊപ്പം രക്ഷപ്പെടുകയായിരുന്നു. അധികൃതർ തെരച്ചിൽ തുടങ്ങിയപ്പോഴേക്കും അരമണിക്കൂർ കഴിഞ്ഞിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ണൂർ ടൗൺ ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായി. ദേശീയ പാതയിലെ വാഹനങ്ങളിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വില്പനയ്ക്കായി എം.ഡി.എം.എ സൂക്ഷിച്ച കേസിലാണ്
കണ്ണവം പൊലീസ് പിടികൂടിയത്.
ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കേസെടുത്ത കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം ഊർജിതമാക്കി. ജയിൽ എ.ഡി.ജി.പി, ജയിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി.
സുരക്ഷാവീഴ്ച തുടർക്കഥ
കുറെക്കാലമായി വൻ സുരക്ഷാവീഴ്ചകളാണ് സംഭവിക്കുന്നത്. ഫോൺ ഉപയോഗിച്ച് ജയിലിൽ കിടന്നുകൊണ്ട് ക്വട്ടേഷൻ പ്രവർത്തനം നടത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മൊബൈൽ ഫോണുകൾ പിടികൂടുന്നതും പതിവായിരുന്നു.
ഓരോ ബ്ലോക്കിലും ഫോൺ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും പ്രതികൾ എന്ത് സംസാരിക്കുന്നുവെന്ന് നിരീക്ഷിക്കാൻ സംവിധാനമില്ല. ചില ബ്ലോക്കുകളിൽ രണ്ട് ഫോൺ ഉണ്ട്. കാൾ റെക്കാഡിംഗ് സൗകര്യവുമില്ല. ഫോൺ ചെയ്യാൻ തടവുകാർക്ക് കാർഡ് നൽകുന്നതാണ് രീതി. മാസം 450 രൂപയ്ക്ക് വരെ ഇതുപയോഗിച്ച് വിളിക്കാം.കാപ്പ തടവുകാരും സഹതടവുകാരും തമ്മിൽ ഏറ്റുമുട്ടന്നതും നിത്യസംഭവമാണ്. കാപ്പതടവുകാരുടെ മർദ്ദനമേറ്റ് ജയിൽ വാർഡർമാർക്കും പരിക്കേൽക്കാറുണ്ട്.
ജീവനക്കാർ കുറവ്
അഞ്ചേക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരത്തിലേറെ തടവുകാരുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രവർത്തനങ്ങളുടെ താളംതെറ്റിക്കുന്നു. നൂറു ജീവനക്കാരുടെയെങ്കിലും കുറവുണ്ടെന്നാണ് അധികൃതർ പറയുന്നത്.