മട്ടന്നൂർ: മട്ടന്നൂരിൽ നിർമ്മിക്കുന്ന ആയുർവേദ ആശുപത്രിയുടെ ആദ്യഘട്ടം പൂർത്തിയാകുന്നു. 15 കോടിയോളം രൂപ ചെലവഴിച്ചാണ് പഴശ്ശി കന്നാട്ടുംകാവിൽ ആയുർവേദ ആശുപത്രി നിർമിക്കുന്നത്. 50 കിടക്കകളുള്ള ആശുപത്രി എല്ലാവിധ ആധുനിക സൗകര്യങ്ങളും കൂടിയാണ് നിർമ്മിക്കുന്നത്. ഒൻപതു കോടി രൂപ ചെലവഴിച്ചുള്ള ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്.

കെ.കെ.ശൈലജ മന്ത്രിയായിരുന്ന കാലത്താണ് മട്ടന്നൂരിന്റെ ആരോഗ്യ രംഗത്തിന് കരുത്തേകാൻ ആയുർവേദ ആശുപത്രി അനുവദിച്ചത്. മൂന്നു നിലകളിലായി നിർമ്മിക്കുന്ന ആശുപത്രി ഇന്റഗ്രേറ്റഡ് ഹെൽത്ത് സെന്റർ എന്ന നിലയിൽ ഉയർത്താനും പദ്ധതിയുണ്ട്. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ ആയുർവേദ ആശുപത്രിക്ക് രണ്ടാംഘട്ട പ്രവൃത്തികൾക്കായി രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാംഘട്ട നിർമാണത്തിനുള്ള വിശദ പദ്ധതിരേഖയും സമർപ്പിച്ചിട്ടുണ്ട്.

ആയുർവേദത്തിന്റെ പരമ്പരാഗത ചികിത്സാ രീതികൾക്കൊപ്പം തന്നെ അധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള ചികിത്സാ സംവിധാനമാണ് ആശുപത്രിയിൽ ലഭ്യമാക്കുക. മട്ടന്നൂർ നഗരത്തിൽ സർക്കാർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണം പുരോഗമിക്കുമ്പോഴാണ് നാലു കിലോമീറ്റർ അകലെ പഴശ്ശിയിൽ ആയുർവേദ ആശുപത്രിയും ഒരുങ്ങുന്നത്. രണ്ട് ആശുപത്രികളും യാഥാർത്ഥ്യമാകുന്നതോടെ വിമാനത്താവള നഗരമായ മട്ടന്നൂരിൽ ചികിത്സാരംഗത്തെ പോരായ്മകൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മട്ടന്നൂരിലെ ആയുർവേദ ആശുപത്രിയുടെ ആദ്യഘട്ട നിർമാണം ആറുമാസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിടത്തിചികിത്സ ഉൾപ്പടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ആശുപത്രിയാണ് ഒരുങ്ങുന്നത്. രണ്ടാംഘട്ട നിർമ്മാണത്തിന് എസ്റ്റിമേറ്റും നൽകിക്കഴിഞ്ഞു. ബഡ്ജറ്റിൽ വേണ്ട തുകയും അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടം പൂർത്തിയാകുന്നതോടെ ആശുപത്രി പ്രവർത്തനം തുടങ്ങാനാകും.

കെ.കെ.ശൈലജ എം.എൽ.എ.