kannur

സുരക്ഷാ വീഴ്ച തുടർക്കഥ

കണ്ണൂർ: ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കണ്ണൂർ സെൻട്രൽ ജയിലിന്റെ പ്രവർത്തനം താളം തെറ്റിക്കുന്നു. ആറുമാസത്തിനകം 150 അസി.പ്രിസൺ അസി.പ്രിസൺ ഓഫീസർമാരെ നിയമിക്കാൻ 2020 ആഗസ്റ്റിൽ തീരുമാനമെടുത്തിട്ടും ഇതുവരെയായി 38 നിയമനങ്ങൾ മാത്രമാണ് നടന്നത്.ഇവരിൽ നാലുപേരെ കണ്ണൂർ സബ്‌ജയിലിലേക്കും കൂത്തുപറമ്പ് സ്പെഷ്യൽ ജയിലിലേക്കും നൽകുകയും ചെയ്തതോടെ ഫലത്തിൽ 34 പേർ മാത്രമാണ് സെൻട്രൽ ജയിലിന്റെ സുരക്ഷാചുമതലയിലുള്ളത്.

അസി. പ്രിസൺമാരുടെ ഒഴിവ് നികത്താൻ പി.എസ്.സി. വഴി നിയമനം നടത്താൻ ആഭ്യന്തരവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ടെന്നതാണ് ഏക ആശ്വാസം.കേരള സ്റ്റേറ്റ് എക്സ് സർവീസ്‌മെൻ ഡിവലപ്പ്‌മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ കോർപ്പറേഷൻ (കെക്സ്‌കോൺ) വഴി നിയമിച്ച 72 അസി. പ്രിസൺ ഓഫീസർമാരെ 2022 ആഗസ്റ്റിൽ പിരിച്ചുവിട്ടിരുന്നു. സംസ്ഥാനത്തെ ജയിലുകളിൽ 200 താത്കാലിക ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായായിരുന്നു നടപടി.


ജയിലിടം അതിവിശാലം

അഞ്ചേക്കറോളം വിശാലമാണ് കണ്ണൂർ ജയിൽ. ഇവിടെയുള്ള ആയിരത്തിലേറെ അന്തേവാസികളുടെ കാര്യം നോക്കാൻ മതിയായ ജീവനക്കാരില്ലാത്തതാണ് സുരക്ഷാ ഭീഷണി ഉയർത്തുന്നത്. ജീവനക്കാരുടെ കുറവുള്ളതിനാൽ പുറം ജോലികൾക്ക് ഉൾപ്പെടെ തടവുകാരെ നിയോഗിക്കുകയാണിവിടെ. ജയിലിൽ ലാൻഡ് ഫോൺ ഉപയോഗിക്കുന്നതിൽ ഏകീകൃത വ്യവസ്ഥയില്ലെന്ന ആരോപണവും ശക്തമാണ്. ചില ബ്ലോക്കുകളിൽ രണ്ടുവീതം ഫോണുകളുണ്ടെന്നാണ് വിവരം. സാധാരണ ജയിൽ അന്തേവാസികൾ ഫോൺ ചെയ്യുമ്പോൾ തൊട്ടടുത്തുതന്നെ ജയിൽ ജീവനക്കാർ കാവൽ നിൽക്കണം. എന്നാൽ ജീവനക്കാരുടെ ക്ഷാമം കാരണവും തടവുകാരുടെ ഭീഷണി മൂലവും ഇതിന് കഴിയാറില്ല. തടവുകാരുടെ വിളി പരിശോധിക്കാൻ കാൾ റെക്കോഡ് സംവിധാനവും കണ്ണൂർ സെൻട്രൽ ജയിലില്ല. ഇതിന് പുറമെ ചില തടവുകാർ മൊബൈൽ ഫോൺ രഹസ്യമായി ഉപയോഗിക്കുന്നതും ഭീഷണിയാണ്.
രാഷ്ട്രീയ തടവുകാർ കഴിയുന്ന ജയിലിലെ അഞ്ച്, ഒൻപത്, പത്ത് ബ്ലോക്കുകളിൽ റെയ്ഡ് നടത്തിയിരുന്നെങ്കിലും ഉന്നത ഇടപെടൽ മൂലം തുടർനടപടി നിലച്ചു.അടുത്തിടെ ജയിൽ വളപ്പിന്റെ തെങ്ങിന്റെ മണ്ടയിൽ നിന്നും ഓവുചാലിലെ കുഴിയിൽ നിന്നും ശുചിമുറിയിലെ ചുമരുകളിൽ നിന്നും മൊബൈൽ ഫോണും സിം കാർഡും പവർബാങ്കും ചാർജറുമൊക്കെ കണ്ടെത്തിയിരുന്നു.


ലഹരിയുടെ ഒഴുക്കും
ജയിലിലെ അന്തേവാസികളെ കോടതിയിൽ ഹാജരാക്കി മടങ്ങുമ്പോൾ കഞ്ചാവ് വസ്ത്രങ്ങളിലൊളിപ്പിച്ചു വരുന്നതും മറ്റൊരു സ്ഥിരം തലവേദനകളിലൊന്നാണ്. ഇവർക്ക് മയക്കുമരുന്നും കഞ്ചാവും നൽകുന്ന നിരവധി പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ജയിലിനകത്ത് പച്ചക്കറി കൊണ്ടുവരികയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയിൽ ഒരുകിലോയോളം കഞ്ചാവ് കടത്തിയ കേസിൽ കാസർകോട് സ്വദേശിയായ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റു ചെയ്തിരുന്നു. സുരക്ഷാവീഴ്ചയുടെ പേരിൽ ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റിയിരുന്നു.


കൈയാങ്കളി പതിവ്

കാപ്പ തടവുകാരും സഹതടവുകാരും തമ്മിൽ ഏറ്റുമുട്ടുന്നതും സെൻട്രൽ ജയിലിൽ പതിവാണ്.കാപ്പതടവുകാരുടെ മർദ്ദനമേറ്റ് ജയിൽ വാർഡന്മാർക്കും പരിക്കേൽക്കാറുണ്ട്.

കണ്ണൂർ സെൻട്രൽ ജയിൽ

ആകെ തടവുകാർ- 1010

ശിക്ഷാതടവുകാർ 768

അസി.പ്രിസൺ ഓഫീസർ നിയമിക്കേണ്ടത് 150

നിലവിലുള്ളത് 34