
കണ്ണൂർ: കോട്ടയം അയ്‌മനത്തെ നാനൂറ് വർഷം പഴക്കമുള്ള വാദ്ധ്യാൻ ഇല്ലം 365 കിലോമീറ്റർ അകലെ തൃക്കരിപ്പൂരിൽ താരകം എന്ന പേരിൽ പുനർജ്ജനിച്ചു. ഈ എട്ട്കെട്ട് തൃക്കരിപ്പൂരിലെ ഡോ.വി.ജയരാജൻ പൊളിച്ചെടുത്ത് പാരമ്പര്യത്തനിമ വിടാതെ പുനർനിർമ്മിക്കുകയായിരുന്നു.
കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ വാദ്ധ്യാൻ ഇല്ലത്തെ പരാമർശിക്കുന്നുണ്ട്. കായംകുളം കൊച്ചുണ്ണി ഒരു ദിവസം അന്തിയുറങ്ങിയെന്നുംഇവിടത്തെ നമ്പൂതിരിക്ക് വജ്രമോതിരം നൽകിയെന്നുമാണ് പരാമർശം. വേദേതിഹാസങ്ങളിൽ പ്രാവീണ്യവും മാന്ത്രിക പാരമ്പര്യവുമുള്ള മനയായിരുന്നു ഇത്. തിരുവനന്തപുരത്തെ ശ്രീ പത്മനാഭ ക്ഷേത്രത്തിൽ മുറജപത്തിന് പോകുന്ന നമ്പൂതിരിമാർ ഇവിടെ താമസിക്കാറുണ്ടായിരുന്നു.
ഇല്ലത്തിന്റെ ഓട് അടക്കം മൂന്നുമാസം കൊണ്ടാണ് കാസർകോട്ടെത്തിച്ചത്. നീലേശ്വരത്തെ നീലകണ്ഠ ടൈൽ വർക്സിന്റെ ഓടുകൾ നൂറ്റാണ്ടുകൾക്ക് ശേഷം ജന്മനാട്ടിൽ മടങ്ങിവരികയായിരുന്നു. കൊത്തുപണിയുള്ള കട്ടിള, മയിൽപ്പൂട്ട്, നിരപ്പലക, മഞ്ചാടി ജനൽ, പത്തായം, പൂമച്ച്, ചരുവ് മച്ച്, പട്ടത്തൂൺ, പിണ്ടിത്തൂൺ എന്നിവ മിനുക്കി ഉറപ്പിച്ചു. 2019 ലാണ് ഇല്ലം പൊളിച്ചത്. തൃക്കരിപ്പൂരിൽ 2023ലാണ് പൂർത്തിയാക്കിയത്.
80 ശതമാനവും മരം
ഇല്ലത്തിന്റെ 80 ശതമാനവും മരമാണ്. ആഞ്ഞിലി, പ്ലാവ്, തേക്ക്, തേന്മാവ്, ഇരുൾ, തമ്പകം, ഈട്ടി തുടങ്ങിയ തടികളാണ്. അടിത്തറയുടെ ഇഷ്ടിക കൊണ്ടുവന്നില്ല. പകരം ചെങ്കല്ലിൽ അടിത്തറ ശക്തമാക്കി. മനയുടെ അടിസ്ഥാനഘടന മാറ്റിയില്ല. തറ കുഴിച്ച് നിർമ്മിച്ച ഒരു ഒരു അറയുണ്ട്. അവിടെ ചൂടില്ല. അവിടെയാണ് ലൈബ്രറി.
സ്വപ്നം സഫലമായതിൽ ഡോ. ജയരാജിനും ഭാര്യ സാരഞ്ജിനി ജയരാജിനും അഭിമാനമാണ്. വിദേശത്തുള്ള മക്കളായ ആതിരയ്‌ക്കും ആരതിക്കും പ്രിയപ്പെട്ടതാണ് ഈ വീട്.
പയ്യന്നൂരിലെ ഫോക്‌ലോർ ഗവേഷണ സ്ഥാപനമായ ഫോക്‌ലാൻഡിന്റെ ചെയർമാനും യുനെസ്‌കോയുടെ ഇന്റർസിറ്റി ഇൻടാൻജിബിൾ കൾച്ചറൽ കോ ഓപ്പറേഷൻ നെറ്റ്‌വർക്കിന്റെ സെക്രട്ടറി ജനറലുമാണ് ഡോ. ജയരാജൻ
ഏഴുദിവസത്തെ ശിൽപശാലയോടെയാണ് നിർമ്മാണം തുടങ്ങിയത്. പ്രശസ്ത ആർക്കിടെക്ടുകളും മരപ്പണിക്കാരും കൽപ്പണിക്കാരും നൂറോളം ആർക്കിടെക്ചർ, എൻജിനീയറിംഗ് വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു.
പഴയ മരവീടുകളുടെ സംരക്ഷണം ബോദ്ധ്യപ്പെടുത്താനാണ് ഈ ദൗത്യം ഏറ്റെടുത്തത്. ഇല്ലത്തിന്റെ സൗന്ദര്യം കണ്ടപ്പോൾ വിട്ടുകളയാൻ തോന്നിയില്ല
-ഡോ. വി.ജയരാജൻ