bag

കണ്ണൂർ: അറുപത് ജി.എസ്.എമ്മിൽ മുകളിലുള്ളവയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധ ഏജൻസികൾ നൽകുന്ന നോൺ വൂവൺ ബാഗുകൾ വ്യാപാരികളെ വെട്ടിലാക്കുന്നു. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത ഇവ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വിജിലൻസ്,​എൻഫോഴ്സ് മെന്റ് വിഭാഗങ്ങൾ പിടിച്ചെടുക്കുമ്പോൾ മാത്രമാണ് കബളിപ്പിക്കൽ വെളിപ്പെടുത്തുന്നത്.പതിനായിരം തൊട്ട് അരലക്ഷം വരെ പിഴയും ലൈസൻസ് റദ്ദാക്കലുമാണ് ഇവ സൂക്ഷിക്കുന്നതിനുള്ള ശിക്ഷ.

കേന്ദ്ര സർക്കാറിന്റെ 2016ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടത്തിൽ 60 ജി.എസ്.എമ്മിൽ താഴെ കനമുള്ള നോൺ വൂവൺ കാരി ബാഗുകൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.സ്ക്വയർ മീറ്ററിൽ അറുപത് ഗ്രാമിൽ കുറഞ്ഞ നോൺ വൂവൺ ക്യാരീ ബാഗുകൾക്കാണ് സംസ്ഥാനത്ത് നിരോധനമുള്ളത്. അറുപതിന് മുകളിൽ ജി.എസ്.എം ഉണ്ടെന്ന് വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ചാണ് ചില ഏജൻസികൾ നോൺ വൂവൺ ക്യാരീബാഗുകൾ വിറ്റഴിക്കുന്നത്.ഒറ്റ നോട്ടത്തിൽ വ്യാപാരികൾക്ക് 60 ജി.എസ്.എമ്മിൽ കുറഞ്ഞതാണോ കൂടിയതാണോ എന്ന് മനസിലാക്കാൻ സാധിക്കില്ല.പ്ലാസ്റ്റിക്കിനോട് യാതൊരു സാമ്യവുമില്ലാത്ത വളരെ മൃദുവായ ഉത്പ്പന്നമാണ് നോൺ വൂവൺ ക്യാരി ബാഗുകൾ.എൻഫോഴ്സ്മെന്റ് സ്ക്വാഡ് എത്തി പിഴ ചുമത്തുമ്പോഴാണ് മിക്കപ്പോഴും വ്യാപാരികൾ കബളിപ്പിക്കൽ അറിയുന്നത്.

പിടികൂടും വിജിലൻസും എൻഫോഴ്സമെന്റും

നിരോധിത വസ്തുകൾ പിടിച്ചെടുത്താൽ ആദ്യ തവണ പതിനായിരം രൂപയാണ് പിഴ.കുറ്റം ആവർത്തിക്കുന്ന പക്ഷം 25000 രൂപയും പിന്നീട് 50000 രൂപയും പിഴ ചുമത്തി ലൈസൻസ് റദ്ദാക്കുന്നതുമാണ് തുടർ നടപടികൾ . ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്താൻ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും പ്രത്യേക വിജിലൻസ് സ്‌ക്വാഡുകളും ജില്ലാ തലത്തിൽ രണ്ട് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്‌

നോൺ വൂവൺ ക്യാരി ബാഗുകൾ

നോൺ വൂവൺ പോളിപ്രൊപെലിൻ അല്ലെങ്കിൽ നോൺ വോവൻ പി.പി എക്‌സ്ട്രൂഷൻ വഴി രൂപകൽപ്പന ചെയ്യുന്ന ഒരു പ്ലാസ്റ്റിക് ഫാബ്രിക് ആണ്. തെർമോപ്ലാസ്റ്റിക് പോളിമറുകളെ നാരുകളാക്കി തിരിക്കുകയും ചൂടും മർദ്ദവും ഉപയോഗിച്ച് അവയെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ പ്രോസസും കഴിഞ്ഞ് പുറത്തെത്തുന്നത് പ്ലാസ്റ്റിക്കിനോട് ഒട്ടും സാമ്യതയില്ലാത്ത തരത്തിലാണ്.ക്യാരിബാഗ്, മാസ്‌ക്, ബാഗുകൾ തുടങ്ങിയവ നിർമ്മിക്കാൻ ഈ മെറ്റീരിയൽ ഉപയോഗിക്കും.അറുപത് ജി.എസ്.എമ്മിൽ കൂടുതലുള്ള ബാഗുകളാണ് താരതമ്യേന പരിസ്ഥിതി സൗഹൃദം. സാധാരണ തുണിത്തരങ്ങൾ നിർമ്മിക്കുന്നതുപോലെ ഊടും പാവും പ്ലാസ്റ്റിക് ത്രെഡുകൾ പാകി ഉണ്ടാക്കുന്നവയാണ് വൂവൺ പ്ലാസ്റ്റിക്ക്.നോൺ വൂവൺ എന്നത് പ്ലാസ്റ്റിക് ചൂടാക്കി അമർത്തി ഉണ്ടാക്കുന്നവയാണ്. സർജിക്കൽ ,എൻ 95 മാസ്കുകളുടെ മെറ്റീരിയൽ ഇതിന് ഉദാഹരണമാണ് .

ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഉള്ള നോൺ വൂവൺ ഫാബ്രിക്‌സിന്റെ തൂക്കം 60 ഗ്രാം ആയിരിക്കണം. എന്നാൽ 60 ജി.എസ്.എമ്മിൽ കുറഞ്ഞ നോൺ വൂവൺ ഷീറ്റുകൾ ഉപയോഗിച്ച് ക്യാരി ബാഗുകൾ നിർമ്മിച്ച് വിൽപന നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.ഇതിന്റെ ഭാഗമായി കർശ്ശന പരിശോധന നടത്തു. അറുപത് ജി .എസ് .എം ൽ കുറഞ്ഞ കനമുള്ളവ കണ്ടെത്തിയാൽ പിഴ ചുമത്തും-