കണ്ണൂർ:കണ്ണൂരിൽ നിന്ന് ജോലി തേടി ട്രെയിനിൽ ചെന്നൈയിലേക്ക് പുറപ്പെട്ട പ്രായപൂർത്തി ആവാത്ത അഞ്ച് പെൺകുട്ടികളെ ഷൊർണൂർ റെയിൽവേ പൊലീസ് പിടികൂടി.12 നും 15 നും ഇടയിൽ പ്രായമുള്ള തമിഴ്‌നാട് സ്വദേശിനികളാണ് ഇവർ. ഇവരുടെ രക്ഷിതാക്കൾ കണ്ണൂരിൽ ജോലി ചെയ്യുന്നവരാണ്. കണ്ണൂരിൽ തമിഴ്‌നാട് സ്വദേശികൾ താമസിക്കുന്ന പ്രദേശത്ത് രക്ഷിതാക്കളോടൊപ്പമായിരുന്നു പെൺകുട്ടികൾ താമസിച്ചിരുന്നത്. ഇവർ സ്‌കൂളിൽ പഠിക്കുന്നുമുണ്ട്. രക്ഷിതാക്കൾ അറിയാതെ കുട്ടികൾ നാടുവിടുകയായിരുന്നു. ചെന്നൈയിൽ എത്തിച്ചേരുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളും പൊലീസും ഷൊർണൂരിൽ എത്തി പെൺകുട്ടികളെ കണ്ണൂരിലേക്ക് കൊണ്ടുവന്നു.