പയ്യാവൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ ഈ വർഷത്തെ മഹോത്സവം ഇന്ന് രാവിലെ 10ന് സമാപിക്കും. ഈ വർഷത്തെ ഉത്സവത്തിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. 25 ലക്ഷത്തോളം ആളുകൾ പാടിയിൽ എത്തിയതായി പാരമ്പര്യ ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമൻ നായനാർ പറഞ്ഞു. തീർത്ഥാടകരുടെ ആവശ്യത്തിനായി ശൗചാലയങ്ങളും വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കിയിരുന്നു.
ഹരിത ചട്ടങ്ങൾ പാലിച്ചാണ് ഉത്സവം നടത്തിയത്. മറ്റ് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്നലെ എല്ലാ കോലങ്ങളും കെട്ടിയാടി. തിരുവപ്പന സ്വയം പാടിയിൽ പുണ്യാഹം തളിച്ച് ശുദ്ധീകരണം നടത്തി. തുടർന്ന് മൂലംപെറ്റ ഭഗവതി കെട്ടിയാടി. അതിനു ശേഷം വെള്ളാട്ടവും ശുദ്ധി കർമ്മങ്ങൾ ചെയ്തു. ഭണ്ഡാരപ്പെട്ടി വാണവർക്ക് കൈമാറി. ഇന്ന് രാവിലെ 10ന് കളിക്കപ്പാട്ടോടെയാണ് ഉത്സവം സമാപിക്കുന്നത്. വാണവരും അടിയന്തരക്കാരും ഇറങ്ങിയാൽ അടുത്തവർഷം ഉത്സവം തുടങ്ങുന്നതുവരെ പാടിയിൽ ആരും പ്രവേശിക്കില്ല. താഴെ പൊടിക്കളത്ത് എല്ലാ മലയാള മാസങ്ങളിലും സംക്രമദിനത്തിൽ പകൽ 11ന് മുത്തപ്പൻ വെള്ളാട്ടവും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കും.