
തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിന് മുന്നിലെ മൂന്നര ഏക്കർ വയലിൽ വിളഞ്ഞു നിൽക്കുന്ന നെല്ല് വിളവെടുപ്പിന് പാകമായി. ഗുരുമണ്ഡപത്തിനും ആനപ്പന്തിയ്ക്കും തൊട്ടു മുന്നിൽ സുവർണ്ണ ശോഭ പരത്തുന്ന മുന്നിൽ വിരിഞ്ഞുനിൽക്കുന്ന നെൽച്ചെടികളുടെ കാഴ്ച നയനാനന്ദകരമാണ്.
സൈദാർ പള്ളിയിലെ മദ്രസ്സത്തുൽ മുബാറക്ക് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ് ക്ഷേത്രാങ്കണത്തിൽ നെൽക്കൃഷിയിറക്കിയത് . ചിറ്റ, ജ്യോതി വിത്തുകളാണ് കൃഷിയിടത്തിൽ വിതച്ചത്. ശ്രീജ്ഞാനോദയ യോഗം,കൃഷിവകുപ്പ് എന്നിവയുടെ ആത്മാർത്ഥമായ സഹകരണവുമുണ്ടായപ്പോൾ വിളവും മോശമായില്ല.
ജഗന്നാഥ ക്ഷേത്രത്തിലെ കർണ്ണാടക സ്വദേശിയായ ജീവനക്കാരൻ ശിവയാണ് വിത്തിട്ട നാൾ മുതൽ കൃഷിയെ പരിപാലിച്ചത്.
കഴിഞ്ഞ മാസമാണ് ക്ഷേത്രസന്നിധിയിലെ ചോളം, സൂര്യകാന്തി, ചെണ്ടുമല്ലി കൃഷി എന്നിവയുടെ വിളവെടുപ്പ് നടന്നത്. നിലവിൽ ക്ഷേത്രത്തിന് ചുറ്റിലും വിവിധയിനം പൂജാ പുഷ്പങ്ങളും തുളസിയും കറുകയുമെല്ലാം നട്ടുപിടിപ്പിച്ചിട്ടുണ്ട്.