മാതമംഗലം: മലയോരത്തെ പ്രധാന വാണിജ്യ കേന്ദ്രമായ മാതമംഗലം ടൗൺ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. ഇരു വാഹനങ്ങൾ കടന്നുപോകാൻ പോലും സൗകര്യമില്ലാത്ത ഇടുങ്ങിയ ടൗണിലെ റോഡിൽ എന്നും ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ്. പുനിയങ്കോട് മുതൽ താറ്റ്യേരി വരെ ഒരു കിലോമീറ്ററോളം നീണ്ടു കിടക്കുന്നതാണ് മാതമംഗലം ബസാർ. ഇരുപതിലധികം മലഞ്ചരക്ക് വ്യാപാരങ്ങൾ അടക്കം നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങളുള്ള ടൗണാണിത്. ടൗണിലെ വിവിധ സ്ഥലങ്ങളിലായുള്ള നാല് ബസ് സ്റ്റോപ്പുകൾ ഇടുങ്ങിയ റോഡിൽ തന്നെയാണ്. ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുമ്പോൾ ഗതാഗതം സ്തംഭിച്ച് വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകുന്നു. ബസ് സ്റ്റാൻഡ് നിലവിലുണ്ടെങ്കിലും ബസുകൾ കയാറാത്തതാണ് നഗരം സ്തംഭിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.