ആലക്കോട്: 5.8 കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണം നടന്നുവരുന്ന കരുവൻചാൽ പാലത്തിന്റെ സ്പാനുകൾക്ക് ഉപയോഗിക്കുന്നത് മാസങ്ങളായി വെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിച്ച കമ്പികൾ.50 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള ഈ പാലത്തിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതായുള്ള പരാതികൾ ഉയരുന്നതിനിടെയാണ് പാലത്തിന്റെ പ്രവൃത്തി കരാറുകാരൻ തോന്നുംപടി ചെയ്യുന്നതായുള്ള പരാതികൾ ഉയരുന്നത്.
പാലത്തിന്റെ നിർമ്മാണം ആരംഭിച്ച സമയത്ത് തുരുമ്പെടുത്ത ലോഡ് കണക്കിന് കമ്പി കൊണ്ടുവന്ന് ഇറക്കിയത് വാർത്തയായതോടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ഈ കമ്പികൾ പാലം നിർമ്മാണത്തിന് ഉപയോഗിക്കുകയില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാർ ആണെന്നുള്ള ബോർഡുകൾ സ്ഥാപിച്ചതു കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവാദിത്വം തീർന്ന മട്ടാണ്. തുരുമ്പെടുത്ത് നശിച്ച കമ്പികൾ പാലം നിർമ്മാണത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണെന്നും പാലം നിർമ്മാണം എത്രയുംവേഗം പൂർത്തിയാക്കി കരുവൻചാൽ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.