
പേരാവൂർ: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയ സംഭവത്തിൽ വൻ പിഴയീടാക്കി പേരാവൂർ ഗ്രാമപഞ്ചായത്ത്. പേരാവൂർ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പോസ്റ്റോഫീസിന്റെ ഒഴിഞ്ഞ പറമ്പിൽ ചാക്ക് കണക്കിന് മാലിന്യം തള്ളിയതിലാണ് നടപടി. പഞ്ചായത്ത് പണം മുടക്കി കാട് വൃത്തിയാക്കിപ്പോഴാണ് വമ്പൻ മാലിന്യശേഖരം ശ്രദ്ധയിൽ പെട്ടത്.
ശുചിത്വ വിജിലൻസ് ടീം നടത്തിയ പരിശോധനയിൽ മാലിന്യം തള്ളിയ ന്യൂ ഫാഷൻ, സംസം ബേക്കറി, വിവ ടെക്സ്റ്റൈൽസ്, വി വൺ സ്റ്റോർ, സിതാര ഫുട് വെയർ, അടുക്കള ഹോം ഷോപ്പി, പുലരി ഗാർമെന്റ്, അബിൻ പച്ചക്കറി തുടങ്ങിയവയടക്കം പതിനൊന്ന് സ്ഥാപനങ്ങളിൽ നിന്ന് 1,02,000 രൂപ പിഴ ഈടാക്കി
മാലിന്യം തള്ളുന്നതായി പരാതി ലഭിച്ച ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് അടുത്തുള്ള സ്വകാര്യ സ്ഥലത്തും മുരിങ്ങോടി വായനശാലക്ക് അടുത്തുള്ള സ്വകാര്യ പറമ്പിലും പേരാവൂർ ടൗണിലെ കടകളുടെ പിൻഭാഗവും പരിശോധിച്ചു. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ചതും വിവിധ സ്ഥാപനങ്ങളിൽ നിന്ന് മലിന ജലം ഓടയിലേക്ക് ഒഴുക്കുന്നതും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പതിനൊന്ന് സ്ഥാപനങ്ങൾക്ക് പിഴ വിധിക്കുകയായിരുന്നു.മാലിന്യ സംസ്ക്കരണ സംവിധാനം ഒരുക്കാൻ നാല് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസും സ്ഥലഉടമകൾക്കും ബിൽഡിംഗ് ഉടമകൾക്കും അറിയിപ്പ് നോട്ടീസും നൽകി.
പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.ഷൈലജ, വിജിലൻസ് ടീം അംഗങ്ങളായ ദിവ്യ രാഘവൻ, വി.കെ.സായിപ്രഭ, ജൈവവൈവിദ്ധ്യ ബോർഡ് സമിതി കൺവീനർ നിഷാദ് മണത്തണ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
വലിയ വില കൊടുക്കേണ്ടിവരും
1. ഖരമാലിന്യങ്ങൾ വേർതിരിക്കാതെയോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിർദേശപ്രകാരമല്ലാതെ സംസ്‌കരിക്കൽ.
2. വാണിജ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ എന്നിവയുടെ അശാസ്ത്രീയമായ മാലിന്യ നിർമ്മാർജനം.
3. ഖരമാലിന്യങ്ങൾ കത്തിക്കൽ, തള്ളൽ.
4. ഗേറ്റഡ് കോളനികളിലും സ്ഥാപനങ്ങളിലും മലിനജല സംസ്‌കരണമില്ലാത്തത്.
5. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മാലിന്യ നിർമ്മാർജന സംവിധാനമില്ലാത്തത്.
6. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ.
7. ജലസ്രോതസ്സുകളും ജലവിതരണ സംവിധാനങ്ങളും മലിനമാക്കി മാലിന്യം വലിച്ചെറിയൽ അല്ലെങ്കിൽ പുറന്തള്ളൽ.
8. നിർദ്ദിഷ്ട സംസ്‌കരണ സ്ഥലങ്ങളിൽ ഒഴികെയുള്ള അറവു മാലിന്യ സംസ്‌കരണം
പിഴ പതിനഞ്ചുദിവസത്തിനകം
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 15 ദിവസത്തിനകം പിഴ ഒടുക്കണം.
പിഴയിലൊതുങ്ങില്ല,അഴിക്കുള്ളിലാകും
പൊതുനിരത്തിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിയുന്നവർക്ക് 1000 രൂപ മുതൽ 50,000 രൂപവരെ പിഴയും ആറു മാസം മുതൽ ഒരുവർഷം വരെ തടവും ലഭിക്കും.വിസർജ്യവും ചവറും ഉൾപ്പെടെയുള്ള മാലിന്യം ജലാശയത്തിലോ ജലസ്രോതസ്സിലോ തള്ളുന്നവർക്കും കക്കൂസ് മാലിന്യം ഒഴുക്കുന്നവർക്കും 10,000 മുതൽ 50,000 രൂപ വരെ പിഴയും ആറുമുതൽ ഒരുവർഷംവരെ തടവുമാണ് സംസ്ഥാനസർക്കാർ കഴിഞ്ഞ വർഷം ഇറക്കിയ ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നത്. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്താലും 5000 രൂപ പിഴ ഈടാക്കും.