പാപ്പിനിശ്ശേരി: കണ്ണൂർ -തളിപ്പറമ്പ് ദേശീയപാതയിൽ പതിവായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഭാഗമാണ് പുതിയതെരു മുതൽ പാപ്പിനിശ്ശേരി വരെയുള്ള പ്രദേശം. വളപട്ടണം പാലം, പാപ്പിനിശ്ശേരി - പഴയങ്ങാടി റോഡ് ജംഗ്ഷൻ, ചുങ്കം, കളരിവാതുക്കൽ റോഡ്, പുതിയതെരു മയ്യിൽ റോഡ് ജംഗ്ഷൻ തുടങ്ങിയവയാണ് പതിവായി ഗതാഗതക്കുരുക്കിന് കാരണമാകുന്ന സ്ഥലങ്ങൾ. ഇവിടെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കുരുക്കൊഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളുണ്ടാകുന്നില്ല. ദേശീയപാത ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ കുരുക്കഴിയുമെന്ന വാദവും ഉയരുന്നുണ്ട്.
ഇനിയുമെത്രകാലം ഈ കുരുക്ക് സഹിക്കണമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ആംബുലൻസ് അടക്കമുള്ള വാഹനങ്ങളാണ് പ്രധാനപാതകളിൽ മണിക്കൂറുകൾ കുരുക്കിലാകുന്നത്. പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് ജംഗ്ഷൻ വീതി കൂട്ടി ട്രാഫിക്ക് സർക്കിൾ സ്ഥാപിക്കണമെന്ന് നിരന്തരം ആവശ്യം ഉയർന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. അത്തരം സംവിധാനം ഏർപ്പെടുത്തിയാൽ കുരുക്കിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
കെ.എസ്.ടി.പി റോഡിൽ നിന്ന് വാഹനങ്ങൾ ദേശീയപാതയിലേക്ക് കടക്കുന്നതോടെ വളപട്ടണം പാലത്തിൽ വാഹനങ്ങൾ കുരുക്കിലാകും. പിന്നെ മണിക്കൂറുകളോളം ഗതാഗതം നിയന്ത്രിച്ചാലും ആ കുരുക്ക് തീരില്ല. കെ.എസ്.ടി.പി പിലാത്തറ - പാപ്പിനിശ്ശേരി റോഡ് വഴി കടന്ന് വരുന്ന നൂറ് കണക്കിന് വാഹനങ്ങൾ ദേശീയപാതയിലേക്ക് കടക്കാനാവാതെ കുരുങ്ങി കിടക്കും.
പൊലീസ് സേവനവും ഫലം കാണാറില്ല
പാലത്തിന് സമീപമുള്ള വിദേശ മദ്യവിൽപ്പനശാലയിലേക്ക് വാഹനങ്ങൾ കടന്ന് പോകുമ്പോഴും ദേശീയപാതയിലാണ് കുരുക്ക് കൂടുന്നത്. ഗതാഗത നിയന്ത്രണത്തിനായി രാവിലെ മുതൽ രാത്രി വരെ പൊലീസിന്റെ സേവനവുമുണ്ട്. കുരുക്ക് മണിക്കൂറുകളോളം നീളുമ്പോൾ പതിവായി പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരും ഗതാഗത നിയന്ത്രണത്തിനായി കൂടെ ചേരും. എന്നാലും വളപട്ടണം ഹൈവേ മുതൽ പാപ്പിനിശ്ശേരി വേളാപുരം വരെ വാഹനങ്ങളുടെ നീണ്ട നിരയാകും.
പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് കവല വീതി കൂട്ടി ട്രാഫിക് സർക്കിൾ സ്ഥാപിക്കണം. അത്തരം സംവിധാനം ഏർപ്പെടുത്തിയാൽ ഗതാഗത കുരുക്കിന് ശമനമാകും.
ബഷീർ പാപ്പിനിശ്ശേരി, പൊതു പ്രവർത്തകൻ