
ജയിൽ ചാടിയ തടവുകാരന് നാലു മാസത്തിനുള്ളിൽ വെൽഫെയർ ഡ്യൂട്ടി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് ഡ്യൂട്ടി നിശ്ചയിച്ചു നൽകിയതിൽ ഗുരുതര വീഴ്ച കണ്ടെത്തി പ്രാഥമികാന്വേഷണ റിപ്പോർട്ട്. ഡി.ജി.പിയുടെ നിർദേശത്തെ തുടർന്ന് തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി.ജയകുമാറാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. ഒൻപതു വർഷത്തോളം ശിക്ഷ അനുഭവിക്കേണ്ട ലഹരി കേസ് പ്രതി കണ്ണൂർ കോയ്യോട് സ്വദേശി ഹർഷാദിന് വെൽഫെയർ ഡ്യൂട്ടി നൽകിയത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നും.ഈയാൾ തടവു ചാടാൻ ഇടയായത് ഇത് മുതലാക്കിയാണെന്നും റിപ്പോർട്ടിലുണ്ട്.
തടവു ചാടിയ ഹർഷാദിനെ രണ്ടു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ലഹരി കേസിൽ കോടതി 10 വർഷം തടവു ശിക്ഷയ്ക്ക് വിധിച്ച ഹർഷാദ് കണ്ണൂർ സെൻട്രൽ ജയിലിലെത്തുന്നത് കഴിഞ്ഞ വർഷം സെപ്റ്റംബർ 9 നാണ്. ജയിലിലെത്തി നാല് മാസം പിന്നിടുമ്പോൾ ഹർഷാദിന് വെൽഫയർ ഡ്യൂട്ടി ലഭിച്ചു. ശിക്ഷാ കാലാവധി കഴിയാറായ തടവുകാർക്കാണ് സാാധാരണ ഇത്തരം ജോലികൾ നൽകുന്നത്. ഈ മാനദണ്ഡങ്ങൾ ലംഘിച്ച് മോഷണക്കേസുകളിലടക്കം പ്രതിയായ ഹർഷാദിനെ ദേശീയ പാതയോട് ചേർന്നുള്ള ഗേറ്റിന് സമീപം വരുന്ന പത്രങ്ങളെടുക്കാൻ ഏൽപ്പിച്ചത് വീഴ്ചയാണ് . രക്ഷപ്പെടാൻ ഉപയോഗിച്ച കർണാടക രജിസ്‌ട്രേഷൻ റോയൽ എൻഫീൽഡ് ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും കാര്യമായ തുമ്പ് ലഭിച്ചിട്ടില്ല. ബംഗളൂരുവിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിൽ. ഹർഷാദിന് സുഹൃത്തുക്കളുള്ള ബംഗളൂരുവിലും ഭാര്യയുടെ നാടായ തമിഴ്നാട്ടിലേക്കുമാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒൻപതിന് ജയിലിൽ വന്നു കണ്ട സുഹൃത്തിന്റെ വീട്ടിലും അന്വേഷണം നടത്തി.