photo-
മാടായി വില്ലേജ് ഓഫീസ്

പഴയങ്ങാടി: ദിവസവും വിവിധ സർക്കാർ സേവനത്തിനായി നിരവധി പേരെത്തുന്ന മാടായി വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസർ ഇല്ല. 20 ദിവസം മുമ്പ് സ്ഥലം മാറിപ്പോയ വില്ലേജ് ഓഫീസർക്ക് പകരമായി പുതിയ ആളെ നിയമിക്കാത്തത് കാരണം പൊതുജനം പ്രതിസന്ധിയിലായി.

മാടായി വില്ലേജ് ഓഫീസ് പ്രവർത്തനം പൂർണ്ണമായും നിലച്ച നിലയിലാണുള്ളതെന്നാണ് ആക്ഷേപം. മാടായി വില്ലേജിലെ നല്ലൊരു ശതമാനം ജനങ്ങളും വിവിധ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തുവരുന്നവരാണ്. കുറഞ്ഞ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക് വില്ലേജ് ഓഫീസിൽ നിന്നുള്ള യാതൊരു സേവനവും ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. തീരദേശ മേഖലയായ പുതിയങ്ങാടി പ്രദേശമടക്കം ഉൾക്കൊള്ളുന്ന മാടായി വില്ലേജിൽ കടൽക്ഷോഭം മൂലമുണ്ടായേക്കാവുന്ന അടിയന്തര സാഹചര്യത്തിൽ ആവശ്യമായ കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ പോലും വില്ലേജ് ഓഫീസർ ഇല്ലാത്ത അവസ്ഥയും ഉണ്ട്.

സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേരാണ് ദിവസേന ഓഫീസ് കയറി ഇറങ്ങുന്നത്.

ഓൺലൈൻ അപേക്ഷകൾ

കെട്ടികിടക്കുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ സഹായം തേടി വില്ലേജ് ഓഫീസിൽ ഓൺലൈൻ വഴി അയക്കുന്ന അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. വില്ലേജ് ഓഫീസർ സ്ഥലം മാറിപ്പോയപ്പോൾ ഏഴോം വില്ലേജ് ഓഫീസർക്ക് ചുമതല നല്കിയെങ്കിലും ഓൺലൈൻ അപേക്ഷകൾ തീർപ്പാക്കുന്നത് പുതിയ വില്ലേജ് ഓഫീസർ വന്നതിന് ശേഷമായിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.