
നീലേശ്വരം: ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകവും വെള്ളത്താമര കൂട്ടത്തോടെ വളരുന്നതുമായ പടന്നക്കാട്ടെ തീർത്ഥങ്കര കുളത്തെ കുളവാഴയും ആഫ്രിക്കൻ പായലും കീഴടക്കി. പടന്നക്കാട് കാർഷിക കോളേജിന്റെ അധീനതയിലുള്ള കുളത്തിൽ നിറഞ്ഞ താമരയുടെ കാഴ്ച ആസ്വദിക്കാൻ നൂറുകണക്കിനാളുകൾ എത്തിയിരുന്നതാണ്. അധിനിവേശ സസ്യങ്ങൾ കുളം പൂർണമായി കൈയടക്കിയതോടെ ഞെരിഞ്ഞമർന്ന് താമരവള്ളികൾ നാശോന്മുഖമായിരിക്കുകയാണ്.
പത്തേക്കർ വിസ്തൃതിയാണ് ഈ തടാകത്തിനുള്ളത്. ഇക്കോടൂറിസത്തിന് സാദ്ധ്യതയേറെയുണ്ടായിട്ടും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന തടാകത്തിൽ പായൽ പടരുന്നതിൽ അതിശയോക്തിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുൻപും പലയാവർത്തി തടാകം പായൽ മുക്തമാക്കാൻ നടപടികൾ ഉണ്ടായിരുന്നെങ്കിലും ഒന്നും ഫലത്തിൽ വന്നില്ലെന്നാണ് ആക്ഷേപം. ഏത്ര കൊടിയ വേനലിലും ജലസമൃദ്ധമാണ് തീർഥങ്കര തടാകം. സീസണായാൽ വെള്ളത്താമരയാൽ സമൃദ്ധം. വെള്ളത്താമരകൾ കുറഞ്ഞതോടെയാണ് പായൽ കടന്നു കയറിയത്.
കടിഞ്ഞത്തുർ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭാഗമായിരുന്നു തീർത്ഥങ്കര കുളം. ഒരുകാലത്ത് ഈ പ്രദേശത്തിന്റെ ജീവനാഡിയായിരുന്നു ഈ ജലാശയം. അത്യുത്തരകേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം എന്ന പെരുമയുണ്ടെങ്കിലും ആ പകിട്ടൊന്നും തീർത്ഥങ്കര കുളത്തിനില്ല. മാലിന്യങ്ങൾ നിറഞ്ഞ് കുളം നാശത്തിന്റെ വക്കിലെത്തിയതോടെ ഫിഷറീസ് വകുപ്പ് ഏറ്റെടുത്ത് കാർഷിക ഗവേഷണ കേന്ദ്രത്തിനു കൈമാറുകയായിരുന്നു. വൈവിധ്യമാർന്നൊരു ആവസവ്യസ്ഥയുണ്ട് ഇവിടെ. ജലസസ്യങ്ങളും, ജീവജീലങ്ങളും ചേർന്നുള്ള ഈ ആവസവ്യവസ്ഥയുടെ നിലനിൽപ്പുതന്നെ ഇപ്പോൾ അപകടാവസ്ഥയിലാണ്
ഏറ്റെടുത്തിട്ടും ശാപമോക്ഷമില്ല
1994 ലാണ് തീർത്ഥങ്കര കുളം കാർഷിക കോളേജ് ഏറ്റെടുത്തത്. കുളത്തിന് ചുറ്റുമതിൽ കെട്ടി മോടിപിടിപ്പിക്കുവാൻ ഫണ്ട് അനുവദിച്ചെങ്കിലും പിന്നീട് യാതൊരു പ്രവൃത്തിയും നടന്നില്ല പടന്നക്കാട് കാർഷിക കോളേജിലെ പൂർവ്വ വിദ്യാർത്ഥി പി.വി.നൂഹ് ടൂറിസം വകുപ്പ് ഡയറക്ടറായ സമയത്ത് തീർത്ഥങ്കര കുളം നവീകരിക്കാൻ മുൻകൈയെടുത്തിരുന്നുവെങ്കിലും ആ പദ്ധതിയും അവതാളത്തിലാവുകയായിരുന്നു. പടന്നക്കാടും പരിസരത്തെ ജലസംഭരണിയായ തീർത്ഥങ്കര കുളം പായൽ നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്നത് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിലേക്ക് എത്തിക്കുമോയെന്ന ചോദ്യവും നാട്ടുകാരിൽ നിന്നുയരുന്നുണ്ട്.