
കാസർകോട്: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസർകോട്, കണ്ണൂർ ജില്ലകളിലെ ഡിവൈ.എസ്. പി തലത്തിൽ അഴിച്ചുപണി. സംസ്ഥാനത്താകെ 100ലധികം ഡിവൈ.എസ്.പി മാരെ മാറ്റി നിയമിച്ചിട്ടുണ്ട്.
പി.കെ.സുധാകരൻ വിരമിച്ചതിനെ തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന കാസർകോട് സബ് ഡിവിഷൻ ഡിവൈ.എസ്. പിയായി കണ്ണൂർ വിജിലൻസ് ഡിവൈ.എസ്. പി ബാബു പെരിങ്ങേത്തിനെ നിയമിച്ചു. ബേക്കൽ ഡിവൈ.എസ്. പി ആയി കണ്ണൂർ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജയൻ ഡൊമിനിക്കിനെ നിയമിച്ചു. ബേക്കലിൽ നിന്ന് സി കെ സുനിൽകുമാറിനെ കണ്ണൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ചിൽ മാറ്റി നിയമിച്ചു.
കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി.മനോജിനെ കണ്ണൂർ സിറ്റി സ്പെഷൽ ബ്രാഞ്ചിലേക്കും പേരാവൂർ ഡിവൈ.എസ്.പി എ.വി.ജോണിനെ കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിലും മാറ്റി നിയമിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈ.എസ്.പി എം.പി.വിനോദ് ആണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കാഞ്ഞങ്ങാട് നിന്ന് പി.ബാലകൃഷ്ണൻ നായരെ തളിപ്പറമ്പിലേക്ക് മാറ്റി നിയമിച്ചു. വയനാട് എസ്.എസ്.ബി ഡിവൈ.എസ്.പി ആയിരുന്ന കെ.വി. വേണുഗോപാലൻ ആണ് പുതിയ കണ്ണൂർ ഡിവൈ.എസ്.പി. കാസർകോട് വിജിലൻസ് ഡിവൈ.എസ്. പി വി.കെ വിശ്വംഭരൻ നായരെ വയനാട് ഡിവൈ.എസ്.പി ആയി സ്ഥലംമാറ്റി. കാസർകോട് എസ്.എസ്.ബി ഇൻസ്പെക്ടർ വി. ഉണ്ണികൃഷ്ണന് പ്രമോഷൻ നൽകി കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി ആയി നിയമിച്ചു. പൊലീസ് ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ലിസ്റ്റും ഉടനെ ഉണ്ടാകുമെന്നാണ് വിവരം.