
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് തടവുചാടിയ ഹർഷാദ് ബെംഗളൂരുവിൽ എത്തിയെന്ന് വിവരം. കണ്ണൂർ സിറ്റി എ.സി.പിയുടെ സ്‌ക്വാഡ് ബംഗളൂരുവിൽ പരിശോധന തുടരുകയാണ്. ഹർഷാദ് രക്ഷപ്പെടുന്നതിനായി ഉപയോഗിച്ച ബൈക്ക് ബെംഗളൂരുവിൽ നിന്ന് വാടകയ്ക്ക് എടുത്തതാണെന്നും ഇത് തിരികെ നൽകിയെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ജയിലിന് പുറത്ത് കാത്തു നിന്ന സുഹൃത്ത് ബൈക്കുമായി ഒറ്റയ്ക്കാണ് ബംഗളൂരുവിലെത്തിയെന്നും ഹർഷാദ് ബസിലോ മറ്റു വാഹനങ്ങളിലോ കയറി അവിടെ എത്തിയെന്നുമാണ് പൊലീസ് പറയുന്നത്. 2017ൽ ബെംഗളൂരുവിൽനിന്നു കണ്ണൂരിലേക്കു എം.ഡി.എം.എ കടത്തിയ കേസിൽ പത്തുവർഷം തടവിനു ശിക്ഷിക്കപ്പെട്ട് 2023ൽ ആണ് ഹർഷാദ് ജയിലിൽ എത്തിയത്. മാലപൊട്ടിച്ചതിനും ബെംഗളൂരുവിൽ വച്ച് ബൈക്ക് മോഷ്ടിച്ചതിനും ഹർഷാദിന്റെ പേരിൽ കേസുകളുണ്ട്.
സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാറിന്റെ നിർദേശപ്രകാരം അസി. കമ്മിഷണർ ടി.കെ. രത്നകുമാറിന്റെയും ടൗൺ പൊലീസ് ഇൻസ്‌പെക്ടർ പി.എ. ബിനു മോഹന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഹർഷാദിന്റെ കൂട്ടുസംഘത്തിന്റെ താവളങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്. നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുകളെയും ചോദ്യംചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്.
ലഹരികടത്ത് സംഘത്തിന്റെ ആസൂത്രണം
ജയിൽചാട്ടം ആസൂത്രണം ചെയ്തത് ബംഗളൂരുവിൽ നിന്നുള്ള ലഹരിക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് പോലീസ്. ലഹരിക്കേസിൽ കോടതി 10 വർഷം തടവുശിക്ഷയ്ക്ക് വിധിച്ച ഹർഷാദ് കഴിഞ്ഞ ഞായറാഴ്ചയാണ് ജയിൽ ചാടിയത്. ദേശീയ പാതയോട് ചേർന്നുള്ള മതിൽ കെട്ടിനടുത്ത് ഇടുന്ന പത്രങ്ങൾ എടുത്ത് ജയിലിനകത്ത് എത്തിക്കുന്ന ജോലിയായിരുന്നു ഹർഷാദിന്. പത്രമെടുക്കാൻ പുറത്തിറങ്ങിയപ്പോഴാണ് ജയിൽ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്.