
പഴയങ്ങാടി: 20 കിലോ ചന്ദനമുട്ടിയുമായി കാഞ്ഞിരോട് മക്ക മസ്ജിദിന് സമീപമുള്ള ആല വളപ്പിൽ ആയിഷ വില്ലയിലെ എ റാഫി ( 39), പാട്ടന്നൂരിലെ നെടുകുളം നായാട്ടുപ്പാറയിലെ തലക്കാട്ട് വീട്ടിൽ ബിജു( 36), പഴശ്ശി നെല്ലൂനിയിലെ കോയാടൻ വീട്ടിൽ പ്രസാദ്(39) എന്നിവർ അറസ്റ്റിൽ. പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ സ്ക്വാഡിലെ പോലീസ് ഓഫീസർമാരായ ഷിജോ അഗസ്റ്റിൻ, നൗഫൽ അഞ്ച്ല്ലത്ത്, അഷറഫ് എന്നിവരും പഴയങ്ങാടി എസ്.ഐ രൂപമധുസൂദനൻ, എസ്.ഐ വത്സരാജൻ, എ.എസ്.ഐ പ്രസന്നൻ അടങ്ങിയ സംഘം മട്ടന്നൂരിൽ വച്ച് അതിസാഹസികമായി പിന്തുടർന്നാണ് ഇവരെ പിടികൂടിയത്.
ഈ മാസം ഒമ്പതിനാണ് എഴോം കണ്ണോത്ത് പ്രവാസിയായ മോഹനന്റെ വീട്ടുമുറ്റത്തെ ചന്ദനമരം മുറിച്ചു കടത്തിയത്. ഇതിനെ തുടർന്ന് മോഹനന്റെ ഭാര്യയുടെ സഹോദരൻ ആർട്ടിസ്റ്റ് പ്രദീപൻ പഴയങ്ങാടി പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ട് വളപ്പിൽ നിന്ന് മുറിച്ച ചന്ദനമരം മട്ടന്നൂരിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് ഇവരെ പിന്തുടരുകയായിരുന്നു. മട്ടന്നൂരിൽ നിന്ന് പൊലീസിനെ കണ്ട ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ആഴ്ച രാമന്തളി ശങ്കരനാരായണ ക്ഷേത്ര പരിസരത്തുനിന്ന് ചന്ദനമരം മുറിച്ചുകടത്തിയ സംഭവത്തിലും ഇവർക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. അന്തർസംസ്ഥാന ചന്ദന മോഷ്ടാക്കളുമായി സംഘത്തിന് ബന്ധമുണ്ടെന്ന നിലപാടിലാണ് പൊലീസ്. സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയാണ് സംഘത്തിലേക്ക് പൊലീസ് എത്തിയത്.