peravoor

പേരാവൂർ താലൂക്ക് ആശുപത്രി കെട്ടിടനിർമ്മാണം വൈകുന്നു

പേരാവൂർ: ഒന്നാംആരോഗ്യ മന്ത്രിയായിരുന്ന കെ.കെ.ശൈലജ 2021 ഫെബ്രുവരിയിൽ തറക്കല്ലിട്ട പേരാവൂർ താലൂക്ക് ആശുപത്രിയുടെ ഏഴുനില കെട്ടിടത്തിന്റെ നിർമ്മാണം ഇനിയും ആരംഭിച്ചില്ല. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി മൂന്ന് കെട്ടിടങ്ങൾ പൊളിച്ചതിന്റെ ദുരിതം മുഴുവൻ പേറുകയാണ് ഇവിടെയെത്തുന്ന നൂറുകണക്കിന് രോഗികൾ.

ആശുപത്രിയുടെ സമഗ്രവികസനത്തിനായി 2020ൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 52 കോടി അനുവദിച്ചിരുന്നു. ഏഴുനിലയുള്ള കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമ്മാണത്തിന് തുക അനുവദിക്കുകയും ചെയ്തു. എന്നാൽ ചില നിയമപ്രശ്നങ്ങൾ മൂലം നിർമ്മാണം തടസപ്പെട്ടു. ഇവ പരിഹരിച്ച് ടെൻഡറിലേക്ക് കടന്നപ്പോൾ വീണ്ടും കാലതാമസം വന്നു.കഴിഞ്ഞ ഒക്ടോബറിൽ താലൂക്ക് ആശുപത്രി സന്ദർശിച്ച ആരോഗ്യ മന്ത്രി വീണാ ജോർജിന് മുന്നിൽ ഈ വിഷയം അവതരിപ്പിക്കപ്പെട്ടിരുന്നു. നവംബറിൽ കെട്ടിടനിർമ്മാണം തുടങ്ങുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയായിട്ടും ധനവകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ നിർമ്മാണം പിന്നെയും വൈകുകയാണ്.

ഏഴുനില കെട്ടിടത്തിന്

കിഫ്ബി അനുവദിച്ചത് 52 കോടി

ഒന്നാംഘട്ട നിർമ്മാണത്തിന് 34 കോടി

ടെൻഡർ തുക 40.65 കോടി

ടെൻഡറിൽ കുരുക്ക്

സർക്കാർ അഴിക്കണം

ആദ്യഘട്ട നിർമാണത്തിന് 34 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരുന്നത്. എന്നാൽ ടെൻഡർ പോയത് 40.65 കോടി രൂപയ്കും. അഞ്ച് ശതമാനം അധികം തുകയ്ക്ക് ടെൻഡർ പോയ സാഹചര്യത്തിൽ ധനവകുപ്പിന്റെ അനുമതി ലഭിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളുവെന്നതാണ് ഇപ്പോഴത്തെ തടസം.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ് ടെൻഡർ പിടിച്ചത്.

ടെൻഡറിന് സംസ്ഥാന ധനവകുപ്പിന്റെ അന്തിമാനുമതി മാത്രമാണ് ലഭിക്കാനുള്ളത്. ഈ മാസം അവസാനവാരത്തോടെ നടപടി പൂർത്തിയാകും വാപ്കോസ് (നിർമ്മാണ ഏജൻസി)

അഗ്നിരക്ഷാ സേന അനുമതി ഉടൻ

ബഹുനില കെട്ടിടം നിർമിക്കുന്നതിന് മുന്നോടിയായുള്ള
അഗ്നിരക്ഷാസേന വിഭാഗത്തിന്റെ പ്രാഥമിക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. അഗ്നി രക്ഷാസേനാ വിഭാഗം എൻ.ഒ.സി നൽകിയാൽ മാത്രമേ കെട്ടിട നിർമാണം തുടങ്ങാൻ കഴിയൂ. വൈകാതെ തന്നെ
സേന തുടർ പരിശോധന നടത്തി എൻ.ഒ.സി നൽകുമെന്നാണ് വിവരം.

മലയോരത്തിന് നേട്ടമാകും
ആറളം പുനരധിവാസ കേന്ദ്രത്തിലെയും പേരാവൂർ ബ്ലോക്കിലെ എഴ് പഞ്ചായത്തുകളിലെയും സാധാരണക്കാരുടെ ആശ്രയമാണ് പേരാവൂർ താലൂക്ക് ആശുപത്രി.ദിവസേന ആയിരക്കണക്കിന് നിർദ്ധന രോഗികളാണ് ചികിത്സ തേടി ഇവിടെ എത്താറുള്ളത്.ആശുപത്രിയുടെ സമഗ്രവികസനം യാഥാർത്ഥ്യമാകുന്നതോടെ മലയോരത്തെ മുഴുവൻ ജനങ്ങൾക്കും മികച്ച ഗുണനിലവാരമുള്ള ചികിത്സാ സൗകര്യങ്ങളാണ് ഒരുങ്ങുക.എത്രയും വേഗം ബഹുനില കെട്ടിട നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യവുമായി മലയോര ജനത ഒന്നാകെ കാത്തിരിക്കുകയാണ്.