പാപ്പിനിശ്ശേരി: കഴിഞ്ഞ ദിവസം ഉച്ചയോടെ വളപട്ടണം റെയിൽവേ പാലത്തിൽ നിന്നും താഴെ വീണെന്ന് സംശയിക്കുന്നയാളെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് റെയിൽവേ പാലത്തിലൂടെ പാപ്പിനിശ്ശേരി ഭാഗത്ത് നിന്നും വളപട്ടണം ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കളിൽ ഒരാളാണ് പുഴയിൽ വീണതെന്നാണ് ദൃക്സാസാക്ഷികൾ പറഞ്ഞത്. തുടർന്ന് വളപട്ടണം പൊലീസും തീരദേശ സേനയും വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അതിനിടയിൽ ബുധനാഴ്ച ഉച്ചയോടെ മാട്ടൂൽ സൗത്തിൽ പുലിമൂട്ടിൽ ഒരു അജ്ഞാത മൃതദേഹം കരക്കടിഞ്ഞിരുന്നു. ഈ മൃതദേഹം വളപട്ടണം റെയിൽവേ പാലത്തിൽ നിന്നും വീണയാളുടേതാണെന്ന് ആദ്യം സംശയിച്ചെങ്കിലും പിന്നീട് പൊലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണമുണ്ടായില്ല. കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കവും 40 വയസ്സോളം പ്രായമുള്ള പുരുഷന്റേതായിരുന്നു. കാവിമുണ്ടും ചെക്ക് ഷർട്ടും ധരിച്ച നിലയിലായിരുന്നു. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി ആ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിൽ കാണാതായ ആളുകളെ ക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വളപട്ടണം റെയിൽവേ പാലത്തിൽ നിന്നും വീണെന്ന് സംശയിക്കുന്നയാളെ കണ്ടെത്തുന്നതിന് ചൊവ്വാഴ്ച വൈകീട്ട് വരെ തീരദേശ സേന തെരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ചയും പുഴയിൽ നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റെയിൽവേ ലൈൻ പരിസരത്തെ പാപ്പിനിശ്ശേരി എം.എം. ആശുപത്രിയുടെ സി.സി. ടി.വികൾ പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. പുഴയിൽ വീണെന്ന് സംശയിക്കുന്നയാളെ ക്കുറിച്ചും കൂടെ യുണ്ടായയാളെക്കുറിച്ചും ബുധനാഴ്ച രാത്രി വരെ വ്യക്തതയുണ്ടായിട്ടില്ല .
സംഭവത്തിൽ ദുരൂഹത തുടരുകയാണ്.