tv-balan-

കാസർകോട്: അസോസിയേഷനിലെ വടംവലിയും തൊഴുത്തിൽകുത്തും മൂലം പ്രതിസന്ധിയിലായ സംസ്ഥാന കബഡിയെ രക്ഷിക്കാൻ സ്പോർട്സ് കൗൺസിൽ നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റി അരയും തലയും മുറുക്കി രംഗത്തിറങ്ങി. ജൂനിയർ ,സബ്ജൂനിയർ താരങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഉതകേണ്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്താണ് ടെക്നിക്കൽകമ്മിറ്റിയുടെ തുടക്കം.

കബഡി അസോസിയേഷനിലെ മൂപ്പിളമ തർക്കത്തെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ ഇന്ത്യൻ താരം ജഗദീഷ് കുമ്പള ചെയർമാനായ ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിയുടെ ഇടപെടലോടെ 2007 മുതൽ മുടങ്ങിയിരുന്ന സർട്ടിഫിക്കറ്റ് വിതരണം പുനരാരംഭിക്കുകയായിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ ഒപ്പിട്ട സർട്ടിഫിക്കറ്റുകളാണ് ടെക്നിക്കൽ കമ്മിറ്റി താരങ്ങൾക്ക് നൽകുന്നത്.

കൊല്ലത്തും കാസർകോടും നടത്തിയ ചാമ്പ്യൻഷിപ്പുകളുടെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി രൂപീകരണത്തിന് പിന്നാലെ അഞ്ച് വീതം അംഗങ്ങളെ ഉൾപ്പെടുത്തി ജില്ലകളിലും ടെക്നിക്കൽ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. ഇവർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യോഗം ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്.

2017 മുതൽ ചാമ്പ്യൻഷിപ്പുകൾ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടക്കാത്തതിനാൽ സംസ്ഥാന ചാമ്പ്യൻഷിപ്പ് നടത്തി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകുക ,ഗ്രേസ് മാർക്ക് നൽകുക, അതുപോലുള്ള വിഷയങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കും.

നയിക്കുന്നത് അന്തർദേശീയതാരങ്ങൾ

ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ നേടിയ ജഗദീഷ് കുമ്പളയാണ് ചെയർമാൻ. മുൻ സംസ്ഥാനതാരം അനിൽ കൊല്ലം ആണ് കൺവീനർ. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധി ടി.വി ബാലൻ, അന്തർദേശീയ വനിതാതാരങ്ങളായ റോസ് മേരി, ഷർമി ഉലഹന്നാൻ, സംസ്ഥാന പുരുഷതാരങ്ങളായ ലത്തീഫ് മലപ്പുറം, ചന്ദ്രൻ പാലക്കാട്, ആശിഷ് കോഴിക്കോട്, മുരളിധരൻ കണ്ണൂർ തുടങ്ങിയവരും ഉൾപ്പെടുന്നു. ജില്ലാ തല ടെക്നിക്കൽ കമ്മറ്റിയിലും കബഡിയിൽ കഴിവ് തെളിയിച്ചവരെ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ബാലതാരങ്ങൾക്ക് അവസരങ്ങൾ

ടെക്നിക്കൽ കമ്മിറ്റിയുടെ വരവോടെ ജൂനിയർ, സബ് ജൂനിയർ കബഡി താരങ്ങൾക്ക് അവസരങ്ങൾ തുറന്നു കിട്ടുകയാണ്. ജില്ലാ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്താൽ കിട്ടുന്ന സർട്ടിഫിക്കറ്റിലൂടെ അഞ്ച് മാർക്ക് ഗ്രേസ് മാർക്കായി കിട്ടും. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്താൽ ഹോസ്റ്റലുകളിൽ നേരിട്ട് പ്രവേശനം. ഉപരിപഠനത്തിനും പി.എസ്.സി ജോലിക്കും സഹായകമാകും.