
മട്ടന്നൂർ: ഓൺലൈൻ ട്രേഡിംഗിൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മട്ടന്നൂർ വെളിയമ്പ്ര സ്വദേശിക്ക് 9,63,300 രൂപ നഷ്ടമായി.മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ മൊബൈൽ ഫോണിലേക്ക് തുടർച്ചയായ ദിവസങ്ങളിൽ ഓൺലൈൻ ട്രേഡിംഗ് ചെയ്യുന്നതിന് താൽപര്യമുണ്ടോമെന്ന് ചോദിച്ചുകൊണ്ട് കാൾ വരികയായിരുന്നു.
കോയിൻ ഡി.സി എക്സ് എന്ന ട്രേഡിംഗ് മാർക്കറ്റ് എന്ന സ്ഥാപനത്തിന്റെ വെബ് സൈറ്റ് വഴി പണം നിക്ഷേപിച്ചാൽ കൂടുതൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് പലതവണകളായി തട്ടിപ്പുകാർ നൽകിയ വിവിധ അക്കൗണ്ടിലേക്ക് പണം അയച്ചുനൽകി. പിന്നീടാണ് ഇത് സ്ഥാപനത്തിന്റെ വ്യാജ വെബ്സൈറ്റ് ആണെന്നും തട്ടിപ്പ് ആണെന്നും പരാതിക്കാരന് മനസിലാകുന്നത്. നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ പണം അയച്ചതിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും വീണ്ടും പണം നൽകിയാൽ മാത്രമേ തിരികെ നൽകാൻ പറ്റുമെന്നും അറിയിക്കുകയായിരുന്നു. തുടർന്നാണ് മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.