kudumbasree

കണ്ണൂർ: വിപണിയിലെ വിലകയറ്റവും പത്തുരൂപ സബ്‌സിഡി സർക്കാർ റദ്ദാക്കിയതും ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിലേക്ക്.കൂത്തുപറമ്പ്, ചൊക്ലി, തളിപ്പറമ്പ് ഉദയഗിരി, പരിയാരം, മാട്ടൂൽ, പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ വെള്ളൂർ, കോളയാട്, ഉളിക്കൽ എന്നിവിടങ്ങളിൽ പ്രവർത്തിച്ച ജനകീയ ഹോട്ടലുകൾക്കാണ് പൂട്ടു വീണത്.
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലാകെ 2020 മാർച്ചിൽ ജനകീയ ഹോട്ടലുകൾ പ്രവർത്തനം തുടങ്ങിയത്. സബ്‌സിഡിയോടെ 20 രൂപയ്ക്ക് ഊണ് എന്ന പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് നാട് ഏറ്റെടുത്തത്. ഊണൊന്നിന് പത്തുരൂപ നിരക്കിൽ നൽകിയ സബ്‌സിഡി കഴിഞ്ഞ ആഗസ്റ്റ് മുതൽ സർക്കാർ റദ്ദാക്കി. ഊണിന് 10 രൂപ കൂട്ടാനും അനുമതി നൽകി. ഊണിന് 30 രൂപയായതോടെ ആളുകൾ കുറഞ്ഞെന്നാണ് ജില്ലയിലെ ജനകീയ ഹോട്ടൽ നടത്തിപ്പുകാർ പറയുന്നത്. ദിവസം 700 ഊണുകൾ വരെ വിറ്റു പോയിടത്ത് 500 ആയി കുറഞ്ഞു. നാലും അഞ്ചും കുടുംബശ്രീ പ്രവർത്തകർ ചേർന്നാണ് പലയിടത്തും ഹോട്ടലുകൾ നടത്തുന്നത്. കച്ചവടം കുറഞ്ഞതോടെ ഇവരുടെ വരുമാനവും ഇടിഞ്ഞു.

ഇതിനിടെ അരി, പച്ചക്കറി, ധാന്യങ്ങൾ എന്നിവയുടെ വില വർദ്ധിച്ചതോടെ നടത്തിപ്പുകാർക്ക് പിടിച്ച് നിൽക്കാൻ കഴിയാതെയായി. വരുമാനം തുച്ഛമാണെങ്കിലും കുടുംബശ്രീ സംരംഭകത്വ പദ്ധതി വഴി എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പലരും ഹോട്ടൽ മുന്നോട്ടു കൊണ്ടുപോകുന്നത്.

തിരിച്ചടികൾ ഒന്നൊന്നായി

1.ഊണൊന്നിന് പത്തുരൂപ സബ് സിഡി നിർത്തി

2.പിടിച്ചുനിൽക്കാൻ പത്തുരൂപ ഊണിന് വർദ്ധിപ്പിച്ചു

3.വില്പനയിൽ വൻ ഇടിവ് വന്നു

4.അരി,​പലവ്യഞ്ജന വിലക്കയറ്റം ഇരുട്ടടിയായി

പിടിച്ച് നിൽക്കണ്ടേ

കൊവിഡിന് ശേഷം വിലകുറവിൽ ഊണും ബിരിയാണിയും വിളമ്പുന്ന നിരവധി ഹോട്ടലുകളും ചെറിയ ഹട്ടുകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ 40 രൂപയ്ക്ക് ഊൺ, 40 രൂപയ്ക്ക് കഞ്ഞിയും പൊരിച്ച മീൻ,​ 70 രൂപയ്ക്ക് ബിരിയാണി തുടങ്ങിയവ വിൽക്കുന്നുണ്ട്. ഇത് ഇത് ജനകീയ ഹോട്ടലുകൾക്ക് വെല്ലുവിളിയായി.പ്രഭാത ഭക്ഷണം, ലഘുഭക്ഷണം എന്നിവ നൽകുന്ന കാര്യത്തിൽ തീരുമാനമാകാത്തതും ജനകീയ ഹോട്ടലുകൾക്ക് തിരിച്ചടിയായി.

കണ്ണൂരിൽ എട്ട് ഹോട്ടലുകൾ പൂട്ടി

കണ്ണൂർ ജില്ലയിൽ 92 ജനകീയ ഹോട്ടലുകളുകളായിരുന്നു ഉണ്ടായിരുന്നത്.ഇവയിൽ എട്ടെണ്ണം പൂട്ടി. നിലവിൽ 84 ഹോട്ടലുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.