shobha

നീലേശ്വരം:പുരുഷന്മാരുടെ സർവാധിപത്യമുള്ള തൊഴിൽമേഖലയാണ് വെൽഡിംഗ്. ഏറെ ശ്രദ്ധയും അപകടം പിടിച്ചതുമായ ജോലികളിലൊന്ന്. ഉയരമുള്ള കെട്ടിടങ്ങളിൽ ഷീറ്റ് സ്ക്രൂ ചെയ്യുന്ന നീലേശ്വരം പള്ളിക്കരയിലെ ശോഭയെന്ന നാൽപത്തിയേഴുകാരിയുടെ വൈദഗ്ധ്യം കണ്ടാൽ പുരുഷന്മാർക്ക് മാത്രമെ വെൽഡിംഗ് വഴങ്ങുകയുള്ളുവെന്ന ധാരണ തിരുത്തേണ്ടിവരും.

മനസ്സുവെച്ചാൽ പുരുഷന്മാർ ചെയ്യുന്ന പല കഠിന ജോലികളും സ്ത്രീൾക്കും വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ വീട്ടമ്മ. ഷീറ്റ് റൂഫിംഗ് , ഗേറ്റ്, പക്ഷിക്കൂടുകൾ, ജനലുകൾ, ഗ്രിൽസ് തുടങ്ങിയവയെല്ലാം ശോഭ ഇപ്പോൾ ചെയ്യുന്നുണ്ട്. ഉയരമുള്ള കെട്ടിടങ്ങളിലെ ഷീറ്റ് സ്ക്രൂ അടക്കം നന്നായി വഴങ്ങും.

നിലവിൽ വിജയനൊപ്പം സഹായിയായി ശോഭ മാത്രമാണുള്ളത്. കാസർകോട്, കണ്ണൂർ ജില്ലകളിലായാണ് ഇരുവരും ജോലിക്ക് പോകുന്നത്.

പതിനാലുവർഷമായി രംഗത്തുണ്ട്

കഴിഞ്ഞ പതിനാലുവർഷമായി ശോഭയുടെ ജീവിതോപാധിയാണിത്. വേണമെന്നുറപ്പിച്ച് പഠിച്ചതല്ല ഈ ജോലിയെന്ന് ശോഭ പറയും. ഏകദേശം 38 വർഷമായി വെൽഡിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഇവരുടെ ഭർത്താവ് വിജയന് നേരത്തെ നീലേശ്വരം പേരോലിൽ വെൽഡിംഗ് കടയുണ്ടായിരുന്നു. ഭർത്താവിനുള്ള ഭക്ഷണവും കൊണ്ടു കടയിൽ എത്തിയിരുന്ന ശോഭ വെൽഡിംഗ് പതിയെ പഠിച്ചെടുക്കുകയായിരുന്നു. കട്ടിംഗ്, ഡ്രില്ലിംഗ് മെഷീൻ കൊണ്ടുള്ള ഹോൾ ഗ്രൈൻഡിംഗ് തുടങ്ങി മിക്ക ജോലികളും പഠിച്ചതോടെ ഭർത്താവിനൊപ്പം ജോലി തുടങ്ങി.

കാണുന്നവർക്ക് മാത്രമാണ് പേടി

വലിയ കെട്ടിടത്തിന്റെ മുകളിലൊക്കെ വെൽഡിംഗിനായി കയറുമ്പോൾ കണ്ടു നിൽക്കുന്നവർക്ക് പേടിയായിരുന്നു. പലരും മുകളിൽ കയറരുതെന്ന് വിലക്കും. എന്നാൽ ഇതെല്ലാം ശീലമായെന്നാണ് ഈ ഉരുക്കുവനിതയുടെ മറുപടി.