meenkuzhi-tourism

ജില്ലയിലെ ഏറ്റവും വലിയ ഗ്രാമീണ ടൂറിസം കേന്ദ്രമാകാൻ ഒരുങ്ങി മീങ്കുഴി.


പിലാത്തറ: ജില്ലയിലെ ഏറ്റവും വലിയ ടൂറിസം വില്ലേജ് ആകാൻ മീങ്കുഴി ഒരുങ്ങുന്നു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെയും പയ്യന്നൂർ നഗരസഭയുടെയും അതിർത്തി പ്രദേശമായ കാനായി അണക്കെട്ടിന് സമീപത്താണ് നാലര കോടി രൂപ മുതൽമുടക്കിൽ വമ്പൻ ടൂറിസം പദ്ധതി ഒരുങ്ങുന്നത്. ഈ വർഷം മാർച്ചിൽ ഇതിന്റെ ഒന്നാംഘട്ടം പൂർത്തിയാവുമെന്ന് ആർക്കിടെക്ട് കെ.മധുകുമാർ പറഞ്ഞു.

നിരവധി മനകളുടെയും ഇല്ലങ്ങളുടെയും നാടായ കൈതപ്രം പ്രദേശത്തെയും വേങ്ങയിൽ കുഞ്ഞിരാമൻനായനാരുടെ ജൻമസ്ഥലമായ പാണപ്പുഴയേയും ബന്ധിപ്പിച്ച് ആരംഭിക്കുന്ന സ്റ്റോറി ടെല്ലിംഗ് ടൂറിസമാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. മുത്തച്ഛൻമാരുടെ നാവിൻതുമ്പത്തുനിന്നുള്ള നാടിന്റെ കഥകൾ കേൾക്കാനുള്ള സ്ഥിരം കേന്ദ്രങ്ങളായി ഇവ മാറും.

നൂറിലേറെ പുരാതന നാലുകെട്ടുകളുള്ള കൈതപ്രത്തെ നാലുകെട്ടുകൾ ഹോംസ്‌റ്റേകളാക്കി മാറ്റാനുള്ള ചർച്ചകളും നടന്നുവരികയാണ്. സ്റ്റീൽ ഇൻഡസ്ട്രീസ് കേരളക്കാണ് (സിൽക്ക്) നിർമ്മാണ ചുമതല. വണ്ണാത്തിപ്പുഴയും പരിസര പ്രദേശങ്ങളും ഉൾപ്പെടുത്തി നാല് ഘട്ടങ്ങളിലായാണ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്.

കൺകുളിർക്കും കാഴ്ചയുമായി മീങ്കുഴി

പയ്യന്നൂർ നഗരസഭ പ്രദേശത്തെ അധികം പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത പ്രകൃതിമനോഹരമായ പ്രദേശമാണ് മീങ്കുഴി. ഇവിടെ പ്രകൃതിയൊരുക്കിയ സൗന്ദര്യത്തിന് ഒട്ടും മങ്ങലേൽപ്പിക്കാതെയാണ് പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നത്. ശുദ്ധജലതടാകമായ ഇവിടെ വാട്ടർ റിക്രിയേഷൻ സെന്ററിൽ കുട്ടികൾക്ക് നീന്തൽ പഠിക്കാനുള്ള സൗകര്യവും നീന്തൽ മത്സരങ്ങൾ നടത്താനുള്ള സംവിധാനവും ഒരുക്കും. തടാകത്തിന് ചുറ്റിലും നടപ്പാതയും ഇരിപ്പിടങ്ങളുമുണ്ടാവും. പ്രഭാത,സായാഹ്ന നടത്തത്തിനുള്ള വാക്കിംഗ് വേയായി ഇതിനെ മാറ്റിയെടുക്കാനും പദ്ധതിയുണ്ട്. കൂടാതെ നാടൻഭക്ഷണം ലഭിക്കുന്ന ഫുഡ്‌കോർട്ടും ഒരുക്കുന്നുണ്ട്. മീങ്കുഴിയിൽ നിന്നും പിടിച്ചെടുക്കുന്ന പുഴമൽസ്യങ്ങളായിരിക്കും ഫുഡ്‌കോർട്ടിന്റെ പ്രധാന ആകർഷണം.

പയ്യന്നൂർ കാപ്പാട് ആരംഭിച്ച ടൂറിസം വില്ലേജിനേയും കാനായി അണക്കെട്ടിനേയും ബന്ധിപ്പിച്ച് ബോട്ടിംഗും ആലോചനയിലുണ്ട്. മീങ്കുഴി ശുദ്ധജലതടാകത്തിൽ പെഡൽബോട്ടിംഗും ഏർപ്പെടുത്തും.മീങ്കുഴി, കാനായി, കൈതപ്രം പ്രദേശങ്ങളിലുള്ള വണ്ണാത്തിപ്പുഴയുടെ കരയിലെ ഗ്രാമങ്ങൾ സൈക്കിളിലൂടെ ചുറ്റിക്കറങ്ങാനുള്ള പദ്ധതിയും മീങ്കുഴി ടൂറിസത്തിന്റെ ഭാഗമായി ഒരുക്കും.

ശുദ്ധജലസ്രോതസ്സിനും ഗ്രാമീണ സൗന്ദര്യത്തിനും ഒട്ടും മങ്ങലേൽപ്പിക്കാതെയാണ് പദ്ധതികൾ ആവിഷ്‌കരിക്കുന്നത്- പയ്യന്നൂർ നഗരസഭാധ്യക്ഷ കെ.വി.ലളിത