
കേരളത്തിൽ 20 സീറ്റുകളിലും ഇടതുപക്ഷം വിജയിക്കും.
കണ്ണൂർ: ചത്തുമലച്ച മോദി ഗ്യാരന്റികളുടെ ശവപറമ്പിന് മുകളിലായാണ് പ്രധാനമന്ത്രി നിൽക്കുന്നതെന്ന് സി പി .ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . അധികാരത്തിലേറിയപ്പോൾ പ്രഖ്യാപിച്ച ഉറപ്പുകളെല്ലാം നിലവിൽ ചത്തുമലർന്നിരിക്കുകയാണെന്ന് കണ്ണൂർ പ്രസ് ക്ളബ്ബിലെ മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം കുറ്റപ്പെടുത്തി.
ഓരോ അക്കൗണ്ടുകളിലും ലക്ഷങ്ങൾ, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയെന്ന ഉറപ്പ് , എല്ലാവർക്കും വീട്, വിശപ്പ് രഹിത ഇന്ത്യ, ആറ് ലക്ഷം ഗ്രാമങ്ങളിൽ സൈബർ കണക്ടിവിറ്റി, എല്ലാവർക്കും തൊഴിൽ തുടങ്ങിയ ഉറപ്പെല്ലാം ചത്തുമലച്ചിരിക്കുകയാണ്. ഇങ്ങനെ ഒരുപാട് ചത്ത് മലച്ച ഗ്യാരന്റികളുടെ മേൽ നിന്ന് കൊണ്ടാണ് തൃശ്ശൂരിൽ നിന്ന് പുതിയ ഗ്യാരന്റിയെ കുറിച്ച് മോദി പറയുന്നത്. ഇതിനെ കുറിച്ച് ചർച്ച ചെയ്താൽ തന്റെ അവകാശവാദങ്ങളെല്ലാം സോപ്പുകുമുളകളെ പോലെ പൊട്ടുമെന്ന് മോദിക്ക് അറിയാം. അതുകൊണ്ട് ഓരോ തവണ ഇത്തരം കാര്യങ്ങൾ ചർച്ചയാകുമ്പോഴും അദ്ദേഹവും പാർട്ടിയും വിഷയം വഴിതിരിച്ചുവിടും. ഇതാണ് അവരുടെ ഫാസിസ്റ്റ് ശൈലി. ഹിറ്റ്ലറിന്റെ അതേ തന്ത്രമാണ് മോദിയും പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി. ജെ.പിയുടെ ഐഡിയോളജി ഭാരതീയമല്ല. ബി.ജെ.പിയുടെ ഹിന്ദുത്വവാദം ശബ്ദത്തിൽ മാത്രമെയുള്ളു. ബാക്കിയെല്ലാം ഫാസിസ്റ്റ് ഐഡിയോളജിയാണ്. വൈദേശികമായ ആശയത്തിലൂന്നിയതാണ് ബി.ജെ.പിയുടെ ഐഡിയോളജിയെന്നും അദ്ദേഹം പറഞ്ഞു. സി പി.ഐ ജില്ലാ സെക്രട്ടറി സി പി.സന്തോഷ് കുമാർ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് സിജി ഉലഹന്നാൻ, സെക്രട്ടറി കെ.വിജേഷ്, ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് എന്നിവർ സംബന്ധിച്ചു.
'കോൺഗ്രസിന് മനസിലായിട്ടില്ല"
ഇന്ത്യാ സഖ്യത്തിന്റെ രാഷ്ട്രീയം മനസിലാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. അത് മനസിലാക്കാൻ സാധിച്ചിരുന്നെങ്കിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ കോൺഗ്രസ് ഭരിക്കുമായിരുന്നു. കോൺഗ്രസിന്റെ രാഷ്ട്രീയമായ അറിവില്ലായ്മയാണ് മൂന്ന് സംസ്ഥാനങ്ങളും അവർക്ക് നഷ്ടമായത്. കോൺഗ്രസ് ഇതിൽ നിന്നും പാഠം പഠിച്ചാൽ കൊള്ളാം.തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തെ വെള്ളപൂശാൻ വേണ്ടി അയോധ്യയിലേക്ക് എല്ലാവരെയും ക്ഷണിച്ച മോദിയോേട് ഇല്ലെന്ന് പറയാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല. എന്നാൽ തീരുമാനമെടുക്കാൻ ഒരാഴ്ച കോൺഗ്രസ് ചാഞ്ചാടി. മഹാത്മാഗാന്ധിയുടെ പാർട്ടിയെ ഗോഡ്‌സെയുടെ പാർട്ടി ക്ഷണിച്ചാൽ അത് ഇല്ലെന്ന് പറയാൻ എന്തിനാണിത്ര ചാഞ്ചാട്ടം.സി.പി. ഐയും സി. പി .എമ്മും കൈകൊണ്ട ആ നിലപാടിന്റെ പുറത്താണ് പിന്നീട് അയോധ്യയിൽ പോകുന്നില്ലെന്ന നിലപാട് കോൺഗ്രസ് അറിയിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു.