cyber-crime

കണ്ണൂർ: ഓൺലൈൻ വഴിയുള്ള വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങി പണം നഷ്ടമായവർക്ക് ആശ്വാസവുമായി പൊലീസ്. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി നൽകിയ പരാതികളിൽ കണ്ണൂർ സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ നടത്തിയ അന്വേഷണം വിജയ വഴിയിലാണ്.
പാൻ ഡിറ്റെയിൽസ് അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ബി.ഐ. ബാങ്കിൽ നിന്നാണെന്ന വ്യാജേനെ അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ഒ.ടി.പി. നമ്പർ പറഞ്ഞുകൊടുക്കുകയും ചെയ്ത എടക്കാട് സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്ന് ജാർഘണ്ഡ് ഗിരിധിലെ എ.ടി.എമ്മിൽ നിന്നാണ് 17,041 രൂപ നഷ്ടമായതെന്ന് പൊലീസ് കണ്ടെത്തി. ഇവിടെ നിന്ന് പിൻവലിച്ച തുക തിരിച്ചുപിടിക്കാനുള്ള നടപടിയിലാണ് പൊലീസ്. പാർട്ട്ടൈം ജോലി നൽകാമെന്ന് വാട്സ്അപ്പിലൂടെ വ്യാജവാഗ്ദാനം നൽകി വളപട്ടണം സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത 1,04,000 രൂപയിൽ കുറച്ച് തുക തിരികെ ലഭിച്ചിട്ടുണ്ട്. സമാനമായ തട്ടിപ്പിലൂടെ 4,73,000 നഷ്ടപ്പെട്ട എടക്കാട് സ്വദേശിയുടെ പരാതിയിൽ ഇടപെട്ട പൊലീസ് 72,468 രൂപ തിരിച്ചുപിടിച്ചു.

വിശ്വസിക്കരുതെന്ന് പൊലീസ്

ദിവസം നല്ലൊരു വരുമാനം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ വീണ്ടും വീണ്ടും ആളുകൾ കുടുങ്ങുകയാണെന്ന് പൊലീസ് പറയുന്നു. പാർട്ട് ടൈം ആയി ജോലി ചെയ്യാമെന്നും ജോലിയിൽ മുൻപരിചയം ആവശ്യമില്ലെന്നും കാണിച്ചുള്ള പരസ്യങ്ങൾ വിശ്വസിച്ചാണ് തട്ടിപ്പിന് ഇരയാകുന്നത്. ലക്ഷങ്ങൾ വരെ നഷ്ടപ്പെട്ട നിരവധി പരാതികളാണ് ലഭിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് കമ്പനികളുടെ വ്യാജ പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.

തട്ടിപ്പിന് ഷെയർ ട്രേഡിംഗും

ഷെയർ ട്രേഡിംഗ് ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, ചാർട്ടേഡ് അക്കൗണ്ടന്റായ പാനൂർ സ്വദേശിയിൽ നിന്ന് തട്ടിയത് ആറ് ലക്ഷത്തിലധികം രൂപ. ഷെയർ എടുക്കുന്നതിനായി പല അക്കൗണ്ടിലേക്ക് 6,32,000 രൂപ തവണകളായി അയച്ചു കൊടുക്കുകയായിരുന്നു. മറ്റൊരുപരാതിയിൽ കതിരൂർ സ്വദേശിക്ക് നഷ്ടമായത് 88,500 രൂപ. വാട്ട്സ് ആപ്പിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചായായിരുന്നു തട്ടിപ്പ്. ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് ക്രെഡിറ്റ് കാർഡ് വഴി 1000 രൂപ അടച്ച് സാധനം ഓർഡർ നൽകിയ തലശ്ശേരി സ്വദേശിക്ക്, പിന്നീട് ഒരു മറുപടിയോ സാധനമോ അയച്ചു കൊടുത്ത പണമോ തിരികെ കിട്ടിയില്ല.


പരാതി അറിയിക്കാൻ വൈബ്സൈറ്റും

വാട്ട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്ന ഉപയോഗിക്കുന്നവർ സൈബർ തട്ടിപ്പിനെക്കുറിച്ച് അറിയണം

 പരിചയമല്ലാത്തവരിൽ നിന്നുള്ള മെസ്സേജുകളോ പരസ്യങ്ങളോ കോളുകളോ ലിങ്കുകളോ ലഭിച്ചാൽ പ്രതികരിക്കരുത്

സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ സൈബർ ഹെൽപ്പ്‌ലൈനിൽ അറിയിക്കണം

 www.cybercrime.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് പരാതി റിപ്പോർട്ട് ചെയ്യണം.

സൈബർ ഹെൽപ് ലൈൻ

1930