train

കണ്ണൂർ: കണ്ണൂർ ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന്റെ രണ്ട് കോച്ച് ഷണ്ടിംഗിനിടെ പാളം തെറ്റി സിഗ്‌നൽ ബോർഡ് ഇടിച്ചുതകർത്തു. ഇന്നലെ പുലർച്ച 4.45 ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ വിട്ട് അല്പം വടക്കുമാറി പാറക്കണ്ടി ഭാഗത്താണ് അപകടമുണ്ടായത്. രാവിലെ 5.10 ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന 16308 നമ്പർ എക്‌സിക്യുട്ടീവ് ട്രെയിനിന്റെ പിറകിലെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്.

യാർഡിൽ നിന്നു പ്ലാറ്റ് ഫോമിലേക്ക് ട്രെയിൻ എടുക്കുന്നതിനിടെയാണ് അപകടം. പാളംതെറ്റിയ രണ്ടു കോച്ചുകൾ ഒഴിവാക്കി ഒന്നരമണിക്കൂർ വൈകി 6.45 ഓടെയാണ് ട്രെയിൻ കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. അപകടകാരണം എന്താണെന്നറിയാൻ റെയിൽവേ പാലക്കാട് ഡി.ആർ.എമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സിഗ്‌നൽ സംവിധാനത്തിലെ തകരാറാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

പാളംതെറ്റിയതിന് പിന്നാലെ ആർ.പി.എഫ് സി.ഐ അടക്കമുള്ളവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മംഗളൂരുവിൽ നിന്നുമുള്ള ആക്‌സിഡന്റ് റിലീഫ് ട്രെയിനിന്റെ എൻജിനിയർമാരടങ്ങിയ വിദഗ്ദ്ധർ എത്തിയാണ് രണ്ട് കോച്ചുകളും മാറ്റിയത്. ട്രാക്കിനും കേടുപാട് സംഭവിച്ചു. സാധാരണ സർവീസ് നടത്തുന്ന ട്രാക്കല്ലാത്തതിനാൽ മറ്റ് ട്രെയിനുകളുടെ സർവീസുകളെ അത് ബാധിച്ചില്ല.