കണ്ണൂർ:തെരുവു വിളക്കുകൾ സമയബന്ധിതമായി സ്ഥാപിക്കാത്ത് സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ ചർച്ചയായി.
ലൈൻ വലിച്ചിട്ട് കാലങ്ങളായിട്ടും തെരുവു വിളക്ക് സ്ഥാപിക്കുന്നില്ലെന്നായിരുന്നു ഇടതുപക്ഷ കൗൺസിലർമാരുടെ ആക്ഷേപം.
സി.പി.എം കൗൺസിലർ എ. കുഞ്ഞമ്പുവാണ് വിഷയം കൗൺസിൽ മുമ്പാകെ ഉയർത്തിയത്. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കാനായി ലൈൻ വലിച്ചതെങ്കിലും ഇനിയും പൂർത്തിയായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ കോർപ്പറേഷൻ പരിധിയിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിന്റെ 80 ശതമാനം പണിയും പൂർത്തിയായതായും ഒരു മാസം കൊണ്ട് തന്നെ പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നും പൊതു മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. പി .ഇന്ദിര പറഞ്ഞു. രണ്ട് സ്ഥാപനത്തിന്റെ ഉത്പ്പന്നങ്ങൾ എൻജിനീയറിംഗ് കോളേജിൽ ലാബ് ടെസ്റ്റിനായി അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. ഇത് പ്രകാരം അടുത്ത ദിവസം തന്നെ വർക്ക് ഓഡർ കൊടുക്കും. നിലവിൽ 2000 തെരുവുവിളക്കുകൾ സ്ഥാപിച്ചു. കരാറുകാരന് ഒരു രൂപ പോലും കൊടുത്തിട്ടില്ല. ഒരു രൂപ പോലും കിട്ടാത്ത കരാറുകാരൻ തുടർന്ന് എങ്ങനെ ലൈറ്റുകൾ സ്ഥാപിക്കും.? ആനുവൽ മെയിന്റനൻസും നടക്കുന്നില്ല. അഡ്വ. ഇന്ദിര പറഞ്ഞു. എന്നാൽ രണ്ട് വർഷമായി ഇത് തന്നെ കേൾക്കുകയാണെന്നും അനാസ്ഥയാണ് കാണിക്കുന്നതെന്നും സി.പി.എമ്മിലെ അഡ്വ.പി.കെ.അൻവർ ചൂണ്ടിക്കാട്ടി. ട്രഷറി നിയന്ത്രണം കാരണം കരാറുകാർക്ക് പണം കൊടുക്കുന്നില്ലെന്നും സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമെന്നും കോൺഗ്രസിലെ അഡ്വ. ടി.ഒ മോഹനൻ പറഞ്ഞു.
. ഡെപ്യൂട്ടി മേയർ കെ .ഷബീന അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സുരേഷ് ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ, അംഗങ്ങളായ മുസ്ലിഹ് മഠത്തിൽ, ടി.രവീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
റിംഗ് കമ്പോസ്റ്ര് അപേക്ഷകൾ മുങ്ങി
റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കാനായി അപേക്ഷ ക്ഷണിച്ച പ്രകാരം ലഭിച്ച അപേക്ഷകൾ കാണാനില്ലെന്ന പരാതിയും ഭരണ പ്രതിപക്ഷ അംഗങ്ങൾ ഉയർത്തി. 2022-23, 2023-24 വർഷങ്ങളിലെ പദ്ധതി പ്രകാരമാണ് അപേക്ഷ സ്വീകരിച്ചത്. 3783 അപേക്ഷകളാണ് പദ്ധതിക്കായി ലഭിച്ചത്. 3750 റിംഗ് കമ്പോസ്റ്രുകളാണ് ശുചത്വമിഷൻ അനുവദിച്ചത്. ഭരണ, പ്രതിപക്ഷ വ്യത്യാസമന്യേയാണ് അംഗങ്ങൾ എടക്കാട്, ചേലോറ, എളയാവൂർ സോണലുകളിലെ എൻജിനീയറിംഗ് വിഭാഗത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പല കൗൺസിലർമാരും നേരിട്ട് വിളിച്ച് പറഞ്ഞിട്ടുണ്ടെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഇന്ദിര പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരെ വച്ച് മന്നോട്ട് പോകാനാവില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.