cpi

തൃക്കരിപ്പൂർ: ട്രാഫിക് സംവിധാനത്തിലെ പോരായ്മകൾ മൂലം വാഹനാപകടങ്ങളുടെ കേന്ദ്രമായി മാറിയ തങ്കയം ജംഗ്ഷനിൽ ശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സി പി.ഐ പ്രവർത്തകർ നാളെ റോഡ് ഉപരോധിക്കും. തൃക്കരിപ്പൂർ - കാലിക്കടവ് റോഡും തങ്കയം - തലിച്ചാലം റോഡും വികസിച്ചതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചു. റെയിൽവേ ഗേറ്റ് ഒഴിവാക്കി പെട്ടെന്ന് പയ്യന്നൂരിൽ എത്തിച്ചേരാനുള്ള മാർഗവും തങ്കയം ജംഗ്ഷനെ തിരക്കേറിയ ഭാഗമാക്കി മാറ്റി. സി പി.ഐ തൃക്കരിപ്പൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10. 30 ന് തങ്കയം മുക്കിൽ നടക്കുന്ന ഉപരോധ സമരം തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി എം.ഗംഗാധരൻ ഉദ്ഘാടനം ചെയ്യും.