
കാസർകോട് റെയിൽവേ സ്‌റ്റേഷൻ മുതൽ കാലിക്കടവ് ആണൂർ പാലം വരെ 46.4 കിലോമീറ്റർ
കണ്ണൂർ/കാസർകോട്: കേന്ദ്ര അവഗണനയ്ക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാനകമ്മിറ്റി ആഹ്വാനപ്രകാരം തീർത്ത മനുഷ്യചങ്ങല കണ്ണൂർ,കാസർകോട് ജില്ലകളിൽ മനുഷ്യമതിലായി. ഇനിയും സഹിക്കണോ, ഈ അവഗണന എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആദ്യകണ്ണിയായത് അഖിലേന്ത്യാ പ്രസിഡന്റ് എ. എ റഹീം എം.പിയായിരുന്നു.ജില്ലയുടെ തെക്കെ അതിർത്തയായ കാലിക്കടവിൽ മുൻ എം.പി പി.കരുണാകരനായിരുന്നു അവസാനകണ്ണി.
സി പി എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് സി എച്ച്.കുഞ്ഞമ്പു എം.എൽ.എ, എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ, ഡി.വൈ.എഫ്. ഐ ജില്ലാ പ്രസിഡന്റ് ഷാലു മാത്യു, ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടിൽ, സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ, ടി.കെ രാജൻ, എം. സുമതി തുടങ്ങിയ നേതാക്കൾ റഹീമിന്റെ തുടർ കണ്ണികളായി.
കാസർകോട് റെയിൽവേ സ്‌റ്റേഷൻ മുതൽ കാലിക്കടവ് ആണൂർ പാലം വരെ 46.4 കിലോമീറ്റർ ദൂരത്തിലാണ് ജില്ലയിൽ മനുഷ്യ ചങ്ങല തീർത്തത്. നാലരക്ക് ചങ്ങലയുടെ ട്രയൽ നടന്നു. അഞ്ചുമണിക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ബ്ലോക്കു കേന്ദ്രങ്ങളിൽ പൊതുയോഗം ചേർന്നശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. മുൻ എം.എൽ.എമാരായ കെ.കുഞ്ഞിരാമൻ, കെ.വി.കുഞ്ഞിരാമൻ, സി. പി.എം നേതാക്കളായ വി വി രമേശൻ, എം രാഘവൻ, സാബു എബ്രഹാം,ഡോ.വി.പി.പി മുസ്തഫ, എം.രാജഗോപാലൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എ. വി ശിവപ്രസാദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ സുഭാഷ് പാടി, ജ്യോതി ചെന്നിക്കര തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ കണ്ണികളായി. കാസർകോട് നിന്ന് തുടങ്ങി ചന്ദ്രഗിരി റോഡ് വഴി കാഞ്ഞങ്ങാട് സൗത്ത് വരെയും അവിടെ നിന്ന് ദേശീയ പാത വഴി കാലിക്കടവ് വരെയുമാണ് പ്രവർത്തകർ ചങ്ങലയിൽ അണിചേർന്നത്. മഞ്ചേശ്വരം കുമ്പള ഭാഗത്ത് നിന്നുള്ള പ്രവർത്തകർ ചെമ്മനാട് മുതൽ മേൽപ്പറമ്പ് വരെയുള്ള സ്ഥലങ്ങളിൽ മനുഷ്യചങ്ങലയിൽ പങ്കെടുത്തു.
അണിചേർന്ന് കലാകായിക സാംസ്കാരികരംഗവും
സാംസ്കാരിക പ്രവർത്തകരും കായികതാരങ്ങളും എഴുത്തുകാരുമെല്ലാം ഇക്കുറി ഒരുക്കിയ മനുഷ്യചങ്ങലയിലും അണിചേർന്നു. എഴുത്തുകാരായ ഇ.പി.രാജഗോപാലൻ, സി എം.വിനയചന്ദ്രൻ, പി.വി.കെ പനയാൽ, പി.വിഷാജി കുമാർ, കെ.എം പ്രശാന്ത്, വാസു ചോറോട്, സിനിമാതാരങ്ങളായ പി.പി.കുഞ്ഞിക്കൃഷ്ണൻ, ഉണ്ണിരാജ് ചെറുവത്തൂർ, കായിക താരങ്ങളായ എം.സുരേഷ്, വി. എസ് അനുപ്രിയ, കെ സി സർവാൻ, നാടൻ പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി, സംവിധായകൻ ഗോപി കുറ്റിക്കോൽ സാംസ്കാരികപ്രവർത്തകനും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധി ടി.വി.ബാലൻ എന്നിവർ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു.
കണ്ണൂരിൽ രണ്ടും മൂന്നും നിര
ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച മനുഷ്യചങ്ങല പയ്യന്നൂരും പരിസരങ്ങളിലും പല സ്ഥലത്തും മനുഷ്യ മതിലായി മാറി. തോളോട് തോൾ ചേർന്ന് രണ്ടും മൂന്നും നിരകളിലായാണ് പല സ്ഥലത്തും ചങ്ങല തീർത്തത്. വനിതകളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു.
സിനിമ സംവിധായകൻ അജിത്ത് പുല്ലേരി, ഗസൽ ഗായകൻ അലോഷി, കേരള ലളിതകല അക്കാഡമി അംഗം ശിൽപ്പി ഉണ്ണി കാനായി, എഴുത്തുകാരായ പയ്യന്നൂർ കുഞ്ഞിരാമൻ, കെ.അഖിൽ, ചിത്രകാരൻമാരായ ബിജു പാണപ്പുഴ, സുരേന്ദ്രൻ കൂക്കാനം, ഡി.വൈ.എഫ്.ഐ. ജില്ല സെക്രട്ടറി സരിൻ ശശി ,എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് നിദീഷ് നാരായണൻ, ജില്ല പ്രസിഡന്റ് വിഷ്ണുപ്രസാദ്, ട്രാൻസ് വുമൺ കാവ്യ, ഡി.വൈ.എഫ്.ഐ. ജില്ല വൈസ് പ്രസിഡന്റ് പി. പി. സിദിൻ, സി.പി.എം ജില്ല കമ്മിറ്റിയംഗങ്ങളായ സി. കൃഷ്ണൻ, എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. വി. ഗിരീഷ്, ഐ.എൻ.എൽ .ജില്ല ട്രഷറർ ഇക്ബാൽ പോപ്പുലർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ കണ്ണികളായി. ഓണക്കുന്നിൽ നടന്ന പൊതുസമ്മേളനം ടി. ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വെള്ളൂർ ബാങ്ക് പരിസരത്ത് സി.ഐ.ടി.യു. ജില്ല പ്രസിഡന്റ് സി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.