കാഞ്ഞങ്ങാട്: 'ഇനിയും സഹിക്കണോ കേന്ദ്ര അവഗണന" എന്ന മുദ്രാവാക്യമുയ\ത്തി ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്ത മനുഷ്യച്ചങ്ങല കാഞ്ഞങ്ങാട്ട് മനുഷ്യ മതിലായി. ചിത്താരി പാലം മുതൽ പടന്നക്കാട് തോട്ടം വരെയാണ് ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രവർത്തന മേഖല. ഇവിടങ്ങളിൽ നിന്നായി മുസ്ലിം സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങളാണ് മനുഷ്യച്ചങ്ങലയിൽ അണിനിരന്നത്.
മനുഷ്യച്ചങ്ങല കാണാൻ റോഡിന്റെ ഇരുഭാഗത്തും വലിയ ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. കേന്ദ്ര ഗവ. അവഗണനക്കെതിരെ പ്രതിജ്ഞയെടുത്ത് കൊണ്ടാണ് ചങ്ങല അവസാനിപ്പിച്ചത്. റെയിൽവേ നിയമന നിരോധനം, സാമ്പത്തിക അവഗണന, കേരളത്തോടുള്ള ശത്രുത മനോഭാവം എന്നിവയാണ് മനുഷ്യച്ചങ്ങലയിൽ ഉന്നയിച്ച പ്രധാന മുദ്രാവാക്യം.
കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.ആർ. ആര്യ അദ്ധ്യക്ഷത വഹിച്ചു. പി.കെ നിഷാന്ത്, പി. അപ്പുക്കുട്ടൻ, എം. രാഘവൻ, വി.പി. അമ്പിളി, അഡ്വ: സി.ഷുക്കൂർ എന്നിവർ സംസാരിച്ചു.