തൃക്കരിപ്പൂർ: മുള്ളൻപന്നികളുടെ വിളയാട്ടം തീരദേശത്തിനും ഭീഷണിയാകുന്നു. കൂട്ടത്തോടെയെത്തിയ മുള്ളൻപന്നിക ളിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൈക്കും കാലിനുമടക്കം ഗുരുതരമായി പരിക്കേറ്റ അൻപത്തിരണ്ടുകാരൻ ചികിത്സയിലായി . എടാട്ടുമ്മൽ സ്വദേശി പിലിക്കോട് വയലിലെ താമസക്കാരനുമായ കെ. ഗണേശനാണ് കൈയിന്റെ എല്ല് മുറിഞ്ഞും കാലിനും വിരലുകൾക്കുമൊക്കെ മുറിവേറ്റ് കിടപ്പിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെ ആറു മണിയോടെയാണ് സംഭവം. പിലിക്കോട് വയലിലുള്ള വീട്ടിൽ നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്യാനുള്ള മകനെ ബൈക്കിൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ വിട്ട് തിരിച്ച് വരുമ്പോഴാണ് അഞ്ചോളം മുള്ളൻപന്നികൾ ഓടിയടുത്തത്. മടിവയൽ കയറ്റത്തിൽ വെച്ചായതിനാൽ ബൈക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഇതിനിടയിൽ ഒന്ന് പിൻസീറ്റിന് മുകളിലേക്ക് കുതിച്ചതോടെ ബൈക്കിന്റെ നിയന്ത്രണം തെറ്റി കൈ ബൈക്കടക്കം മറിഞ്ഞു വീണു. ഇടതുകൈയുടെ എല്ലുപൊട്ടി. കാലിനും വിരലുകൾക്കുമൊക്കെ മുറിവ് പറ്റി.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പടന്നക്കടുത്ത എടച്ചാകൈയിലെ അര എക്രയോളം കൃഷിയിടത്തിലെ കിഴങ്ങ്, കപ്പ എന്നിവ മുള്ളൻപന്നികൾ നശിപ്പിച്ച സംഭവം ഉണ്ടായത്.