
കണ്ണൂർ: ജയ്ശ്രീറാം വിളിച്ചില്ലെങ്കിൽ കുത്തിക്കൊല്ലുന്ന നാടായി രാജ്യം മാറുമെന്ന് കഥാകൃത്ത് ടി. പദ്മനാഭൻ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അയോദ്ധ്യ തുറുപ്പു ചീട്ടാക്കാനാണ് നീക്കം.
ചരിത്രകാരനായ ബിപൻ ചന്ദ്ര രചിച്ച 'വർഗീയത' എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിലായിരുന്നു പരാമർശം. തന്റെ അറിവിൽ ഏറ്റവും വലിയ ശ്രീരാമ ഭക്തൻ ഒരാളേയുള്ളൂ. ഗാന്ധി. അദ്ദേഹം മരിക്കുമ്പോൾ രണ്ട് ശബ്ദമേ ഉച്ചരിച്ചുള്ളൂ. ഹേ റാം. അത് അദ്ദേഹത്തിന്റെ അന്ത്യശ്വാസമായിരുന്നു. ഇപ്പോൾ അയോദ്ധ്യയിൽ ഒരു മഹാപ്രതിഷ്ഠ നടക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വില്പനച്ചരക്ക് ശ്രീരാമന്റെ പേരാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പി.ബി അംഗം എം.എ. ബേബി ടി.പദ്മനാഭന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അദ്ധ്യക്ഷനായി.