പട്ടുവം: പട്ടുവം പുഴയിൽ കക്ക ചാകര. പക്ഷേ, പഴയകാലത്തെ പോലെ വീട്ടമ്മമാരുടെ കക്ക ശേഖരണമൊന്നും ഇന്നില്ല. ഇതിന്റെ വിപണി മൂല്യം കണക്കിലെടുത്ത് വൻതോതിൽ വാരിയെടുത്ത് കടത്തുകയാണ്.
തളിപ്പറമ്പ് ദേശീയപാതയിലെ കുറ്റിക്കോൽ പാലത്തിന് താഴെയുള്ള പുഴ മുതൽ വെള്ളിക്കീൽ, മുള്ളൂൽ, കൂത്താട്, കാവിൻമുനമ്പ്, ഏഴോം, കോട്ടക്കീൽ പട്ടുവം, കുറ്റികോട്ട തുടങ്ങിയ എവിടെ ഇറങ്ങിയാലും ആവശ്യാനുസരണം കക്കകൾ ലഭിക്കുമെന്നാണ് പറയുന്നത്. കക്കയുടെ വൻ ശേഖരമറിഞ്ഞ് അയൽ ജില്ലകളിൽ നിന്നു പോലും ആൾക്കാർ ഇവിടെ എത്തുന്നുണ്ട്.
പണ്ടുകാലത്ത് വീട്ടാവശ്യത്തിനുള്ള കക്കകൾ, സ്ത്രീകൾ പുഴയിൽ മുങ്ങിവാരിയെടുക്കുകയായിരുന്നു പട്ടുവത്തെ പതിവ്. അത്തരം സ്ത്രീകൾ ഇല്ലാതായി. ഇപ്പോൾ മാസങ്ങളായി പട്ടുവം പുഴയിൽ വ്യാപക കക്ക വാരൽ നടക്കുന്നുണ്ട്. പുലർച്ചെ നാല് മണിക്ക് മൂന്നോ നാലോ പേർ പുഴയിലിറങ്ങിയാൽ 12 മണിയോടെ പത്ത് ക്വിന്റലോളം കക്ക ശേഖരിക്കും. തോണി കരക്കടുപ്പിക്കുമ്പോഴേക്കും കക്ക കൊണ്ടുപോകാൻ പിക്കപ്പ് വാൻ റെഡിയാകും.
കക്ക പോഷകസമൃദ്ധം
കക്ക പുഴുങ്ങിയാണ് കാഠിന്യമുള്ള തോട് നീക്കുന്നത്. പുഴുങ്ങാൻ വച്ച കക്കയ്ക്കിടയിൽ പഴുക്കാറായ മാങ്ങ വയ്ക്കുന്ന പതിവുപോലും പഴയ വീടുകളിലുണ്ടായിരുന്നുവെന്നത് ഓർമ്മ. മാങ്ങ നല്ല പോലെ വെന്താൽ, പുഴുങ്ങിയ കക്ക വെള്ളത്തിൽ ഉടച്ച് ചുട്ടെടുക്കുന്ന വറ്റൽ മുളകും ചേർത്തു ഒരു നാടൻ വിഭവം ഒരുക്കും. കക്കയിൽ അമ്പത്തിരണ്ട് ശതമാനം പ്രോട്ടീനും, അമ്പത് ശതമാനം സോഡിയവും അടങ്ങിയിട്ടുണ്ടത്രെ. അതുകൊണ്ടുതന്നെ കക്ക പുഴുങ്ങിയ വെള്ളം പോലും കഴിച്ചിരുന്നു.