cash

കാസർകോട്: സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്ന കമ്മിഷൻ ജീവനക്കാർക്ക് അവരുടെ ഇൻസെന്റീവ് കിട്ടാതായിട്ട് 18 മാസം. ഇൻസെന്റീവ് നൽകാനുള്ള ഫയൽ ജില്ലാ ട്രഷറി ഓഫീസുകളിൽ എത്തിച്ചിട്ട് മാസങ്ങളായെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം തടഞ്ഞുവെച്ചിരിക്കുകയാണ്. അതേസമയം സംസ്ഥാനത്തെ ചില ജില്ലകളിൽ ഇൻസെന്റിവ്‌ നൽകിയിട്ടുണ്ടെന്നും ജീവനക്കാർ പറയുന്നു.

പെൻഷൻ വിതരണം സഹകരണ ബാങ്ക് മുഖാന്തിരം കൊടുക്കാൻ തുടങ്ങിയപ്പോൾ സർക്കാർ പറഞ്ഞത് ഒരാൾക്ക് 50 രൂപ വെച്ച് ബാങ്കുകൾക്ക് നൽകുമെന്നാണ്. അതിൽ പത്തുരൂപ ബാങ്കിനും 40 രൂപ വിതരണം ചെയ്യുന്നവർക്കുമാണ്. എന്നാൽ കഴിഞ്ഞ ഏഴ് മാസമായി പെൻഷൻ വിതരണം ചെയ്യുന്നവർക്ക് അവരുടെ വിതരണ ഇൻസെന്റീവ് വെട്ടി കുറിച്ചിരിക്കുന്നു. അതും മുൻകാല പ്രാബല്യത്തോട് കൂടി. ഇത് അംഗീകരിക്കാത്ത ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ നിലവിൽ പറഞ്ഞതുപോലെ കൊടുക്കുവാനും ബാക്കിയുള്ളത് കേസ് തീരുന്ന മുറയ്ക്ക് തീരുമാനമെടുക്കാം എന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ കോടതി ഉത്തരവിന് പോലും വില നൽകാതെ സർക്കാർ വീണ്ടും വീണ്ടും വിതരണം ചെയ്യുന്നത് നീട്ടി കൊണ്ടുപോവുകയാണ്. ഏറ്റവും ഒടുവിൽ ജില്ലാ ട്രഷറിയിലേക്ക് പണം അയച്ചിട്ടുണ്ടെന്ന് സർക്കുലർ പുറപ്പെടുവിച്ചിട്ട്‌ നാളുകളായി. എന്നിട്ടും ജീവനക്കാർക്ക് വേതനം നൽകിയില്ല എന്നത് യാഥാർത്ഥ്യമാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി പല ഭാഗങ്ങളിലും സമ്മർദ്ദം ചെലുത്തിയെങ്കിലും സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുകയാണ്.

സഹകരണ ബാങ്കുകളിൽ കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിൽ ബഹുഭൂരിപക്ഷവും പാവപ്പെട്ടവരാണ്. പലരും ബാങ്ക് ലോണെടുത്തും കടം വാങ്ങിയും ജീവിക്കുന്നവരാണ്. സർക്കാർ ഈയൊരു കാര്യത്തിൽ അടിയന്തരമായും ശ്രദ്ധ ചെലുത്തുകയും അവരുടെ പ്രയാസങ്ങൾക്ക് തീർപ്പു കൽപ്പിക്കുകയും വേണം അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകാൻ ജീവനക്കാർ ആലോചിക്കുകയാണ്.

ഗിരീഷ് കുന്നത്ത്

(ഓൾ കേരള കോപ്പറേറ്റീവ് ബാങ്ക് അപ്രൈസർ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്)