കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ ചുങ്കക്കുന്ന് പൊട്ടൻതോട്ടിൽ വളർത്തുനായയ്ക്ക് നേരേ വന്യജീവിയുടെ ആക്രമണം.
പൊട്ടൻതോട്ടിലെ ഞാറക്കൽ ജോബിന്റെ വളർത്തുനായയ്ക്ക് നേരെയാണ് വന്യജീവി ആക്രമണം നടത്തിയത്.

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.നായയുടെ ശബ്ദം കേട്ട് ടോർച്ചുമായി പുറത്തിറങ്ങിയ ജോബ് കണ്ടത് വീട്ടിൽ നിന്നും 20 മീറ്ററോളം അകലെ മുറ്റത്തിന് താഴെയായി നായയുടെ കഴുത്തിൽ കടുവ കടിച്ചു പിടിച്ചിരിക്കുന്നതായിരുന്നു. മുറ്റത്തു കണ്ട കല്ലുകൾ എടുത്ത് കടുവയെ എറിഞ്ഞ് ഓടിക്കുകയായിരുന്നുവെന്നും ജോബ് പറഞ്ഞു.

വന്യജീവിയുടെ ആക്രമണത്തെത്തുടർന്ന് വളർത്തുനായയുടെ കഴുത്തിലും ശരീരഭാഗങ്ങളിലും പരിക്കുകളുണ്ട്. കൂടാതെ ഒരു നായക്കുട്ടിയെയും കാണാതായതായി വീട്ടുകാർ പറയുന്നു. ഇതിനുമുമ്പും വളർത്തുനായയെ കാണാതായിട്ടുണ്ടെങ്കിലും ആദ്യമായാണ് കടുവയെ നേരിൽ കാണുന്നതെന്നും ജോബ് പറഞ്ഞു.

സംഭവം വനപാലകരെ അറിയിച്ചതിനെത്തുടർന്ന് കൊട്ടിയൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വനപാലകർ അറിയിച്ചതിനെത്തുടർന്ന് വെറ്ററിനറി സർജനും സ്ഥലത്തെത്തി നായയെ പരിശോധിച്ച് പരിക്കേറ്റ ഭാഗങ്ങളിൽ മരുന്നുവെച്ച് തുന്നിക്കെട്ടി. വീട്ടുകാർ കണ്ടത് കടുവയാണെന്ന് പറയുമ്പാഴും പുലിയാണെന്ന നിഗമനത്തിലാണ് വനപാലക സംഘം. വൈകുന്നേരങ്ങളിൽ പ്രദേശത്ത് പട്രോളിംഗ് നടത്തുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.