കാസർകോട്: മനുഷ്യച്ചങ്ങല റിപ്പോർട്ട് ചെയ്യാൻ പോയ മാദ്ധ്യമ പ്രവർത്തകനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ബി.ജെ.പി പ്രവർത്തകനെതിരെ മേല്പറമ്പ് പൊലീസ് കേസെടുത്തു. ശനി വൈകിട്ട് അഞ്ചിന് മേൽപറമ്പിലാണ് സംഭവം. രജിത്ത് കാടകത്തെയാണ് വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. കളനാട് ഭാഗത്ത് നിന്ന് വന്ന കാർ ചങ്ങലയിലേക്ക് ബോധപൂർവ്വം ഓടിച്ചു കയറ്റുകയായിരുന്നുവത്രെ. വാഹനത്തിന്റെ മുൻഭാഗം തട്ടി രജിത്ത് റോഡിലേക്ക് തെറിച്ചു വീണു. പിന്നെയും വാഹനം ചങ്ങലയിൽ അണിനിരന്നവർക്കെതിരെ തിരിച്ചു. മേൽപ്പറമ്പ് എസ്.ഐ വിജയന്റെ പൊലീസ് വാഹനം വരുന്നത് കണ്ടതോടെ കാർ അമിത വേഗത്തിൽ ഓടിച്ചു പോയി. കാറിനെ പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു. ആൾട്ടോ കാറിലാണ് അക്രമി എത്തിയത്. അപകടത്തിൽ പരിക്കേറ്റ രജിത്ത് മുള്ളേരിയ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ബി.ജെ.പി പ്രവർത്തകൻ ബേക്കൽ മലാംകുന്നിലെ ബൈജു എന്നയാളാണ് വണ്ടി ഓടിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്.