bypass

മാഹി: അര നൂറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ച് മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് നിർമ്മാണം അന്തിമഘട്ടത്തിൽ. മാഹി അഴിയൂർ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണം പൂർത്തിയായാൽ പാത ഗതാഗതയോഗ്യമാകും. ബൈപാസിന്റെ 90 ശതമാനം പ്രവൃത്തിയും പൂർത്തിയായതായി നിർമ്മാണകമ്പനി പ്രതിനിധികൾ അറിയിച്ചു.പാലത്തിന് മുകളിൽ സ്ലാബുകളുടെ കോൺക്രീറ്റാണ് ഇപ്പോൾ നടക്കുന്നത്. കൂട്ടി യോജിപ്പിക്കൽ കഴിഞ്ഞ് ടാറിംഗും പെയിന്റിംഗ് പ്രവൃത്തിയും പൂർത്തിയാക്കി അടുത്തമാസം പത്തിനുള്ളിൽ റെയിൽവെ ഓവർബ്രിഡ്ജ് പൂർത്തിയാവും

പൂർത്തിയായ ഭാഗങ്ങളിൽ ഇതിനകം സൈൻ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. കൊളശ്ശേരിക്കും, ബാലത്തിനും ഇടയിൽ ടോൾ പ്ലാസയിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചുകഴിഞ്ഞു.എൺപത് ലൈറ്റുകൾ ഇരു ഭാഗത്തുമായി പ്രകാശിപ്പിച്ചു.അണ്ടർപാസേജുകളിലും ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പാത ഉടനീളം ലൈറ്റുകൾ സ്ഥാപിക്കുന്നത് അവസാനമായിരിക്കുമെന്നാണ് സൂചന.ഇ കെ.കെ കമ്പനിയുടെ കരാറിൽ വൈദ്യുതീകരണമില്ല
സർവ്വീസ് റോഡുകൾ, അടിപ്പാതകൾ, പെയിന്റിംഗ് ,മിഡിയൻ നിർമ്മാണം, ക്രാഷ് ബാരിയർ എന്നിവയെല്ലാം പൂർ‌ത്തിയാക്കികഴിഞ്ഞു.ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത് കെൽട്രോണാണ്.

മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപത്ത് നിന്ന് തുടങ്ങി മാഹി അഴിയൂർ ഗവ.എച്ച്.എസ്. എസ്. സ്‌കൂൾ വരെ യാണ് പാത.

കോടതി കയറി വൈകിയ പാത

ഭൂമി ഏറ്റെടുക്കൽ കോടതി കയറി ഇറങ്ങിയതാണ് അരനൂറ്റാണ്ടു മുമ്പ് ആസൂത്രണം ചെയ്ത പാത യാഥാർത്ഥ്യമാകാൻ വൈകിയത്. ബൈപാസ് യാഥാർത്ഥ്യമാകുന്നതോടെ മാഹി, തലശ്ശേരി പട്ടണങ്ങളിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്ത് നിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ 20 മിനുട്ട് കൊണ്ട് വാഹനങ്ങൾക്ക് എത്തിച്ചേരാം. തലശ്ശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ പെടാതെ ആറു വരി പാതയിലൂടെ സഞ്ചരിക്കാം. ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് ബൈപാസിന്റെ ചിലവ് . എറണാകുളം പെരുമ്പാവൂരിലെ ഇ.കെ.കെ.കമ്പനിക്കാണ് ഇതിന്റെ നിർമ്മാണച്ചുമതല 2021ൽ പാത പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പ്രളയം, കൊവിഡ് എന്നിവ രണ്ട് വർഷം കൂടി വൈകിപ്പിച്ചു. 2018 ഒക്ടോബറിലാണ് നിർമ്മാണം ആരംഭിച്ചത്.

പ്രവൃത്തി വിലയിരുത്തി സ്പീക്കർ

നിയമ സഭാ സ്പീക്കർ എ.എൻ.ഷംസീർ, നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം ഞായറാഴ്ച മുഴപ്പിലങ്ങാട് മുതൽ മാഹി റെയിൽവേ ഓവർബ്രിഡ്ജ് വരെ പുതിയ പാതയിൽ സഞ്ചരിച്ച് പ്രവൃത്തി വിലയിരുത്തി.പല ഭാഗങ്ങളിലായി സ്ഥാപിച്ച ബാരിക്കേഡുകൾ താൽക്കാലികമായി നീക്കിയാണ് സ്പീക്കറും സംഘവും വാഹനത്തിൽ കയറി പാതയിലൂടെ സഞ്ചരിച്ചത്. തിരുവനന്തപുരം മുക്കാല ബൈപാസും തലശ്ശേരി മാഹി ബൈപാസും ഒരെ ദിവസം ഉദ്ഘാടനം ചെയ്യപ്പെടാനാണ് സാദ്ധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ഇരു ബൈപാസുകളുടെയും ഉദ്ഘാടകനെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

മാഹി-തലശ്ശേരി ബൈപാസ്

1977 സ്ഥലമേറ്റെടുക്കൽ
2018 പ്രവൃത്തി തുടങ്ങി
18.8 കി.മി ദൂരം
1300 കോടി ചിലവ് (ഭൂമി ഏറ്റെടുക്കൽ അടക്കം)
6 വരിപാത